വൺ ബില്യൻ സ്റ്റെപ്സ് ചലഞ്ച്; വിമാനടിക്കറ്റ് സമ്മാനം

അബുദാബി∙ നടന്നു നടന്ന കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ ബില്യൻ സ്റ്റെപ്സ് ചാലഞ്ചിന് തുടക്കമിട്ടത്. ഒക്ടോബർ 23 മുതൽ 26 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഫിസിക്കൽ ആക്ടിവിറ്റി ആൻഡ് ഹെൽത്ത് കോൺഗ്രസിന്റെ ഭാഗമായാണ് ജനങ്ങളെ ക്ഷണിച്ചത്.

നടക്കേണ്ടത്

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെ.

റജിസ്ട്രേഷൻ

എസ്ടിഇപിപിഐ (STEPPI) എന്ന ആപ് ഡൗൺലോഡ് ചെയ്തു റജിസ്റ്റർ ചെയ്തു നടന്നാൽ മതി. കാലടികൾ ആപ് എണ്ണും.

ആർക്കൊക്കെ പങ്കെടുക്കാം

യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. വിദേശത്തു താമസിക്കുന്ന ആയിരത്തോളം പേർക്കും ചാലഞ്ചിന് അവസരം ഒരുക്കിയിട്ടുണ്ട്.

വിമാന ടിക്കറ്റ് സമ്മാനം

ചാലഞ്ചിന്റെ ഭാഗമാകുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയികൾക്ക് ഇത്തിഹാദ് എയർവേയ്സിൽ ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാനുള്ള ടിക്കറ്റ് സമ്മാനമായി നൽകും.