യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; 3 മാസം വരെ ശമ്പളത്തിന്‍റെ 60% ലഭിക്കും

ദുബായ് ∙ യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്‍റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയുള്ള സാമൂഹിക സുരക്ഷ പദ്ധതിയാണിത്. യുഎഇ സെന്‍ട്രൽ ബാങ്കിന്‍റെ ലൈസൻസ് ഉള്ള ഇൻഷൂറൻസ് കമ്പനികൾ മുഖേന ഇൻഷൂറൻസ് എടുക്കാം. 12 മാസം ഒരു കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്തവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇൻഷൂറൻസ് എടുത്ത തീയതി മുതലാണ് ഈ കാലയളവ് തീരുമാനിക്കുന്നത്. കൈപ്പറ്റിയിരുന്ന ശമ്പളത്തിന്‍റെ 60 ശതമാനം മൂന്നു മാസം വരെ ലഭിക്കും.

പരമാവധി ഒരു മാസം ലഭിക്കുന്ന തുക 20,000 ദിർഹമാണ്. എല്ലാ പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഇൻഷൂറൻസ് പരിരക്ഷയുണ്ടാകും. എന്നാൽ അച്ചടക്കടനടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ തുക ലഭിക്കില്ല. സംരംഭകർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവരും പദ്ധതിയുടെ പരിധിയിൽ വരില്ല.