അറുപത്തിയാറിന്റെ നിറവിൽ മലയാളനാട്

Vidya venu

ഇന്ന് കേരളത്തിൻറെ ജന്മദിനം കേരളം രൂപീകൃതമായിട്ട് അറുപത്തിയാറു വർഷംതികയുന്നു . 1956 നവംബർ 1 നാണ് കേരള നാട് പിറവി എടുക്കുന്നത് .
1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ കാലഘട്ടം , ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.ഫസൽ അലി തലവനായും സർദാർ കെ.എം.പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളായ സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. കേരള സംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമം പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു അടിസ്ഥാനമായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനത്തിനു രൂപം നൽകി . ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളത്തിന്റെ ജന്മദിനമായി അതായത് കേരള പിറവിയായി നമ്മൾ ആഘോഷിക്കുന്നു.കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വിദ്യാഭ്യാസ നിരക്കിൽ ഏറ്റവും മുന്നിലായിരുന്നു കേരളം. നവംബർ ഒന്നിനു ചിത്തിര തിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജ സ്ഥാനത്തുനിന്നും വിരമിച്ചു. പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവർണറായി. തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-ന് നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് (ഇ എം എസ് ) മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.പല ഗവർമെൻറ്റുകൾ മാറി മാറി അറുപത്തി ആറു വര്ഷം പിന്നിട്ടു പിണറായി സർക്കാർ വരെ  കേരളം എന്ന സംസ്ഥാനം  എത്തി നില്കുന്നു . അതിർത്തികൾ കടന്നു ദേശങ്ങൾ കടന്നു രാജ്യങ്ങൾ കടന്നു മലയാളിയും മലയാള ഭാഷയും ലോകത്തിന്റ്റെ എല്ലാ കോണിലും ഇന്ന് എത്തപ്പെട്ടിരിക്കുന്നു .