മനാമ: മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുകയാണ്. ഇന്ത്യൻ സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നവംബർ 23,24,25 തിയ്യതികളിലാണ് മെഗാഫെയർ നടക്കുക. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അടങ്ങിയ 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ബിസിനസ് പ്രമുഖനായ പി ഷാനവാസ് ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയുമായ സ്വാഗത സംഘം കമ്മിറ്റിയിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവരും അംഗങ്ങളാണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും സെക്രട്ടറി സജി ആന്റണിയുടെയും നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് സ്കൂൾ മെഗാഫെയറാണ് ഇത്തവണ നടക്കുന്നത്. നേരത്തെ നടന്ന നാല് മെഗാ ഫെയറുകളും വൻ വിജയമാക്കിയ അനുഭവ സമ്പത്തുമായാണ് അവർ മെഗാ ഫെയറിന് ചുക്കാൻ പിടിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ വെവ്വേറെ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മേളയുടെ വിജയത്തിനായി ഈ കമ്മിറ്റികൾ ഒത്തൊരുമയോടെ പ്രവർത്തിക്കും. ഇതിനകം സ്വാഗതസംഘം രണ്ടു യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകി സഹായിക്കാനാണ് മുഖ്യമായും സ്കൂൾ ഫെയർ സംഘടിപ്പിക്കുന്നത്. ഒപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും അധ്യാപകരുടെയും ക്ഷേമം ഉറപ്പുവരുത്താനും മേളയിലൂടെ ധന സമാഹരണം നടത്തും. വിവരണാതീതമായ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരു കമ്മ്യുണിറ്റി സ്കൂൾ എന്ന നിലക്ക് അശരണരെ സഹായിക്കുകയെന്നത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്ന് പ്രിൻസ് എസ് നടരാജനും സെക്രട്ടറി സജി ആന്റണിയും പറഞ്ഞു. ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്കൂൾ ഓരോ വർഷവും ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നുണ്ട്.
സ്കൂൾ മേളയോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും ഉണ്ടായിരിക്കും. ആദ്യ ദിനത്തിൽ സ്കൂൾ യുവജനോത്സവത്തിന്റെ ഫിനാലെയാണ് മൈതാനത്ത് നടക്കുക. രണ്ടാം ദിനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം മൃദുല വാര്യർ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടികളും സമാപന ദിനത്തിൽ ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത മേളയുമാണ് ഒരുക്കുന്നത്. ഫെയറിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ആർട് എക്സിബിഷൻ സന്ദർശകർക്ക് നവ്യാനുഭവമാവും. ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനു പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് ജനറൽ കൺവീനർ ഷാനവാസും രക്ഷാധികാരി മുഹമ്മദ് മാലിമും പറഞ്ഞു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന ഫെയറിൽ സ്റ്റാൾ ബുക്കിംഗിന് മികച്ച പ്രതികരണം ഇന്ത്യൻ സ്കൂളിന് ലഭിച്ചു വരുന്നു. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഇന്ത്യൻ സ്കൂൾ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളിന് സമീപമുള്ള സ്റ്റേഡിയത്തിലും തൊട്ടടുത്ത സ്കൂൾ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാക്കും. ഇന്ത്യൻ സ്കൂൾ ഫുട്ബോൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും ബന്ധപ്പെട്ട സ്റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ ക്രമീകരിക്കും. കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ ഉണ്ടാകും. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികൾ മേളയിൽ സംഘടിപ്പിക്കും. മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാചകരുചി വൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകും. മേളയും പരിസരങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. പ്രവാസി കുടുംബങ്ങൾക്ക് വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ അവസരം നൽകുന്നു. ഇന്ത്യൻ സ്കൂളിന്റെ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കും. കുട്ടികൾക്ക് മേള ആസ്വാദിക്കുന്നതിനും കളിക്കുന്നതിനും വിവിധ കളിക്കോപ്പുകൾ പ്രദർശന നഗരിയിൽ ഉണ്ടായിരിക്കും. വാട്ടർഷോ,പ്രോപ്പർട്ടി, മെഡിക്കൽ,എജുക്കേഷൻ, ഫൈനാൻസ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യക എക്സിബിഷനും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.