ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി

ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി.കേസ് ആദ്യം പരിഗണിച്ച ദുബായ്ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധി വന്നത് 2020 ജൂണ്‍ 17ന് രാത്രിയാണ് ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളി കുത്തി കൊലപ്പെടുത്തിയത്. സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി വില്ലയിലെത്തിയത്. അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് പ്രതി മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ അവരുടെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. 18ഉം 13ഉം വയസ്സുള്ള പെണ്‍മക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നു .മുകള്‍ നിലയിലായിരുന്നു ദമ്പതികള്‍ ഉറങ്ങിയത്. ഇവരുടെ മുറിയില്‍ പ്രതി തിരച്ചിൽ നടത്തുന്നതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന ദമ്പതികളെ പ്രതി ആക്രമിക്കുകയായിരുന്നു . ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു. പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായി. കൃത്യത്തിന് ഉപയോഗിച്ച കത്തി വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മയുടെ ചികിത്സയ്ക്കുള്ള പണത്തിനു വേണ്ടിയാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി കുറ്റ സമ്മതം നടത്തി .