കെ.മുരളീധരൻ എം.പി.ക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.

മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘം ബഹ്‌റൈനിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി കെ.മുരളീധരൻ എം.പിക്ക് നിവേദനം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
പലരും തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മൂലമാണ് പലിശക്ക് പണം കടം വാങ്ങുന്നത്. ഇവരെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവൻ തങ്ങളുടെ വരുതിയിൽ നിറുത്താനുള്ള എല്ലാ മുൻകരുതലും എടുത്തതിന് ശേഷമാണ് പലിശക്കാർ ഇരകൾക്ക് പണം നൽകുക. ഇരകളുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായും തീറെഴുതി കൊടുത്താലും തീരാത്ത കടക്കെണിയിൽ ഈ ഹതഭാഗ്യരായ പ്രവാസികളെ കുരുക്കി ഇടുന്നതിനെതിരെ ഇന്ത്യൻ എംബസി മുഖാന്തിരം നടത്തുന്ന നിയമ നടപടികൾക്ക് നാട്ടിൽ ഭരണ തലത്തിൽ തുടർച്ചയും ഇവർക്കെതിരെ സാധ്യമായ നിയമ നടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഇരകളുടെ കയ്യിൽ നിന്നും ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാർ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ബ്ലാങ്ക് എൻ ആർ ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യും. പലിശയും കൂട്ടു പലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുരളീധരൻ നാട്ടിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഉറപ്പ് നൽകി. തങ്ങളുടെ ഭാഗത്ത് നിന്നും സാധ്യമായ എല്ലാ സഹകരണങ്ങളും സഹായാവശ്യങ്ങളും നൽകാമെന്നും അദ്ദേഹം പറഞ്ഞു.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം ഉപദേശക സമിതി അംഗം ബഷീർ അമ്പലായി, ജനറൽ കൺവീനർ യോഗാനന്ത് ജനറൽ സെക്രട്ടറി ദിജീഷ്, വൈസ് ചെയർന്മാരായ നാസർ മഞ്ചേരി, അഷ്കർ പുഴിത്തല, എക്സിക്യട്ടീവ് അംഗം മനോജ് വടകര എന്നിവരും പങ്കെടുത്തു.