യുഎഇ -ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി

ദുബായ് : യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൂടികാഴ്ച നടത്തി. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കർ.2022ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും, ജി 20യിൽ അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ കാഴ്ചപ്പാടും, ജി20യിലെ അതിഥി രാജ്യമായ യുഎഇയുടെ പങ്കാളിത്തത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. I2U2 ഗ്രൂപ്പ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളുമായി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ എന്നിവയ്ക്കുള്ളിലെ ഭാവി സഹകരണ സാധ്യതകളെ കുറിച്ചും ചർച്ച നടത്തി