കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ്.നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകുവാൻ. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്‌ഥാനങ്ങളിൽ ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ നിലവിലില്ല. സമ്പൂർണ ഡിജിറ്റൽ സംഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഇല്ലാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടു കാലത്തു റദ്ദു ചെയ്യപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്കനുകൂലമായി നിരവധി കോടതിവിധികൾ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗൽ സെൽ. അർഹരായ പ്രവാസികൾക്ക് വിദേശരാജ്യത്തും ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലുമാണ്.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രീം കോടതിയുടെ ഈ ഇടപെടലെന്നും തുടർന്നും ഇത്തരം നടപടികളുമായി മുൻപോട്ടു പോകുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.