പ്രതിഭ സൽമാബാദ് മേഖല രക്തദാന കാമ്പ് സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ സംഘടിപ്പിച്ചു.

മനാമ: വിശ്വാസികളുടെ പുണ്യദിനത്തിലും കിടപ്പു ദീനക്കാരായ രോഗികൾക്ക് കൂട്ടായിരിക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് പ്രതിഭ സൽമാബാദ് മേഖലയും പ്രതിഭ ഹെൽപ് ലൈനും ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രാത്രി 9 മണിക് ആരംഭിച്ച ക്യാമ്പിൽ പ്രതിഭ അംഗങ്ങളും അനുഭാവികളുമായ 60 പേർ രക്തം ദാനം നൽകി.സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ മേഖല പ്രസിഡണ്ട് ഇൻ ചാർജ് സജിഷ പ്രജിത്ത് , മേഖല സെക്രട്ടറി ഡോ: ശിവകീർത്തി രവീന്ദ്രൻ, മേഖല രക്തദാന ക്യാമ്പ് കൺവീനർ റെനിത്. മേഖല ഹെൽപ് ലൈൻ കൺവീനർ ജയ്സൺ, ഹെൽപ്പ് ലൈൻ കേന്ദ്ര കൺവീനർ നൗഷാദ് പുനൂർ എന്നിവർ നേതൃത്വം നൽകി.പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പളളി, ട്രഷറർ മിജോഷ് മൊറാഴ, കേന്ദ്ര കമ്മിറ്റി അംഗമായ കെ.എം.സതീഷ്, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ, രക്ഷാധികാരി സമിതി അംഗങ്ങള്‍ ഷെറീഫ് കോഴിക്കോട് ,രാജേഷ് ആറ്റഡപ്പ, ഡോ: കൃഷ്ണകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.ജോലി ചെയ്ത് ക്ഷീണിച്ചിട്ടും അത് വക വെക്കാതെ രാത്രിയിൽ നടന്ന ക്യാമ്പിൽ എത്തിയവരായിരുന്നു രക്തദാതാക്കൾ , കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഗാഥ ഉയർത്തി പിടിച്ച് മനുഷ്യർ ഒന്നാണ് എന്ന് തെളിയിച്ച മുഴുവൻ രക്തദാതാക്കളെയും ആശുപത്രി അധികൃതരും മേഖല ഭാരവാഹികളും ഒന്നടങ്കം അഭിനന്ദിച്ചു.