മനാമ:സഖീറിലെ അൽ അറീൻ വന്യജീവി പാർക്കിലെ കാഴ്ചകൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി മത്സരം ശ്രദ്ദേയമായി. ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്കായി നേച്ചർ, ബെസ്റ്റ് മൊമെന്റ് എന്നീ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരം. ഗണിതശാസ്ത്ര വിഭാഗത്തിലെ നിഷാ ജോൺ ‘പ്രകൃതി’ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. മിഡിൽ സെക്ഷനിലെ ഗീത ജാനറ്റ് മോനിസ് ‘ബെസ്റ്റ് മൊമെന്റ്’ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. മത്സരത്തിനായി ഏകദേശം 25 എൻട്രികൾ ലഭിച്ചു. പ്രകൃതിയുടെ മനോഹാരിത അടുത്തറിയാനും ഫോട്ടോഗ്രാഫിയിലൂടെ അവരുടെ സവിശേഷമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കാനും മത്സരത്തിലൂടെ അവസരം ലഭിച്ചു. ഈ നേട്ടം വലിയ വലിയ പ്രചോദനമാണെന്ന് നിഷാ ജോണും ഗീത ജാനറ്റും പറഞ്ഞു. കർണാടകയിൽ നിന്നുള്ള ഗീത ജാനറ്റ് 2017 മുതൽ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്നു. ഹരിപ്പാട് സ്വദേശിനിയാണ് നിഷ ജോൺ. 2011 മുതൽ നിഷ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്നു. സ്‌കൂൾ ആർട്ട് ടീച്ചർ ദീപക് എ, അമേച്വർ ഫോട്ടോഗ്രാഫർ രാഹുൽ ദേവദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് സമ്മാനാർഹരെ തിരെഞ്ഞുടുത്തത് . സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ ജേതാക്കളെ അനുമോദിച്ചു.