കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8 ( May 12th , Indian Time 8 PM) മണിക്ക് അംബാസിഡർ ശ്രീകുമാർ മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രെസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.