ഫാമിലി വിസയ്ക്ക് കർശന നിയന്ത്രണവുമായി യുകെ


ലണ്ടന്‍: വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി യുകെ .കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക.സാധാരണ ഡിഗ്രി കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന ഹ്രസ്വ കോഴ്‍സുകള്‍ക്കോ പഠിക്കാനായി യു.കെയില്‍ എത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ല.നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വിസാ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരികയെന്നതിനാല്‍ നിലവില്‍ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി 2019ല്‍ ആരംഭിച്ചതോടെ യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഉയർന്നു .പുതിയ വിസ നിയമ ഭേദഗതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള അപേക്ഷകളില്‍ നിയന്ത്രണം വരുമെന്നും അധികൃതർ അറിയിച്ചു .പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ തൊഴില്‍ വിസയിലേക്ക് മാറാമെന്ന പ്രതീക്ഷയോടെ നിലവില്‍ യുകെയിലെത്തി പഠനം തുടരുന്നവര്‍ വിസ പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ചില തടസ്സങ്ങൾ ഉണ്ടാകും.