മനാമ: ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക) രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) അറിയിച്ചു.ജൂൺ 18 മുതൽ നിയമം പ്രാബല്യത്തിൽ വരും .18 മുതൽ പ്രാദേശിക വിപണികളിൽ ഈ ഉൽപന്നങ്ങൾ വ്യാപാരം നടത്തുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ കൈവശംവെക്കുകയോ ചെയ്യുന്നതിന് ഉൽപന്ന പാക്കേജിങ്ങിന്റെ ഭാഗമായി സാധുതയുള്ള ഡിജിറ്റൽ സ്റ്റാമ്പുകൾ നൽകിയിരിക്കണം എന്ന് അധികൃതർ വ്യക്തമാക്കി.പ്രാദേശിക വിപണിയിലെ എല്ലാ ഇറക്കുമതിക്കാരും വ്യാപാരികളും ശ്രദ്ധിക്കണമെന്നും നാഷനൽ ബ്യൂറോ ഫോർ റവന്യൂ അറിയിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഡിജിറ്റൽ സ്റ്റാമ്പുകളില്ലാത്ത പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ വ്യാപാരികൾ പിൻവലിക്കണം ഇവ നശിപ്പിക്കുകയോ അല്ലെങ്കിൽ ബഹ്റൈനിന്റെ പുറത്ത് വിൽപനക്കായി മാറ്റുകയോ ചെയ്യണം.ബന്ധപ്പെട്ട വിതരണ ശൃംഖലയിലൂടെ തിരികെ നൽകാനാണ് വ്യാപാരികളോട് നിർദേശിച്ചിരിക്കുന്നത്.നിയമം ലംഘിച്ചാൽ കടുത്ത പിഴ നൽകേണ്ടി വരുമെന്നും കൂടാതെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.