കണ്ണൂരിലേക്ക് സർവീസ് : നിവേദനം നൽകി സേവ് കണ്ണൂർ

മനാമ: വടക്കൻ കേരളത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ഇൻഡിഗോ എയർലൈന്സിനു നിവേദനം നൽകി .വേൾഡ് ട്രാവൽ സർവീസ് ജനറൽ മാനേജർ ഹൈഫ ഔനും, ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ റിയാസ് മുഹമ്മദ് എന്നിവരുമായി സേവ് കണ്ണൂർ പ്രതിനിധികൾ കൂടി കാഴ്ച നടത്തി . ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി. സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ റിയാസ് മുഹമ്മദ്, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദീൻ പൂവാർ, സിറാജ് മഹമൂദ് എന്നിവരും പങ്കെടുത്തു.