ഇന്ത്യ; 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്നതിനുള്ള അടിസ്ഥാനരേഖ ജനന സർട്ടിഫിക്കറ്റ്

ഡൽഹി: 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖ ജനന സർട്ടിഫിക്കറ്റ് ആകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെ ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം ജനന സർട്ടിഫിക്കറ്റ് ആയിരിക്കും നൽകേണ്ടത്.കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ നിയമഭേദഗതി നിലവിൽ വരുന്നതോടെയാണ് മാറ്റം. രാജ്യത്തെ എല്ലാ ജനന–മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടണമെന്ന് നിർബന്ധമാക്കുന്ന നിയമമാണ്‌ നിലവിൽ വരിക. നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ രജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ എന്നീ വിവരങ്ങൾ ജനന, മരണ രജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.ജനനം രക്ഷിതാക്കളുടെ ആധാർ നമ്പർ സഹിതം 21 ദിവസത്തിനകം മെഡിക്കൽ ഓഫീസർമാർ റിപ്പോർട്ട്‌ ചെയ്യണം. 18–ാം വയസ്സിൽ തനിയെ വോട്ടർ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവർ വോട്ടപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. മരണ രജിസ്‌ട്രേഷനും ഒക്ടോബർ ഒന്നുമുതൽ കർശനമാക്കിയിട്ടുണ്ട്.