ദുബായ്: ഇ – ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും. സ്മാർട്ട് പാസേജ് സവിധാനം വഴിയായിരിക്കും ചെക്ക് ഇൻ, എമിഗ്രേഷൻ എന്നിവ. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവും. ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും പുതിയ മാനദണ്ഡമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുക. ദുബായിൽ അതിർത്തി പോർട്ടുകളുടെ ഭാവി നയങ്ങൾ രൂപീകരിക്കാനുള്ള ആഗോള സമ്മേളനത്തിലാണ് ദുബായിയുടെ പ്രഖ്യാപനം.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ആണ് ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. ഭാവിയിൽ പൂർണമായും പാസ്പോർട്ട് രഹിത സാധ്യമാക്കാൻ ശ്രമങ്ങൾ നടത്തുമെന്നും, യാത്രക്കാരൻ ഇറങ്ങും മുൻപ് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന തരത്തിൽ ബിഗ് ഡാറ്റയെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.