മനാമ: ബഹ്റൈനിൽ ജോലി ചെയ്യുവാൻ പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനമായി . ഇതനുസരിച്ചു ആറു മാസമാണ് കാലാവധി അനുവദിക്കുക.തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .നിലവിലെ രണ്ടുവർഷവും,ഒരുവര്‍ഷവും കൂടാതെ ആറു മാസകാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. നിലവിൽ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഒരു വർഷത്തേക്ക് പെർമിറ്റ് ലഭിക്കുന്നുണ്ട് .നാലിലൊന്ന് നിരക്കിൽ പ്രവാസികൾക്ക് ആറു മാസത്തേക്കും ഇനി മുതൽ ലഭ്യമാകും.തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു. മറ്റുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയുന്ന അംഗീകൃത മാൻപവർ രജിസ്ട്രേഷൻ സെന്ററുകളുടെ അധികാരം കുറക്കാനും അധികൃതർ തീരുമാനിച്ചു.എൽ.എം.ആർ.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നൽകുന്നതിനു പകരം മാൻപവർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രാഥമിക പ്രവർത്തനാനുമതി നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.