തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റൻസ്​ പ​ദ്ധ​തി; അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക് പിഴ ചുമത്തി അധികൃതർ

ദുബായ് : തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യുഎഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ നൽകിതുടങ്ങി.കഴിഞ്ഞ ഒക്ടോബർ ഒന്നുവരെ ആയിരുന്നു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന്റെ ഭാഗമാകാത്തവരെ ക​ണ്ടെ​ത്താ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി ​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം കർശന പ​രി​ശോ​ധ​ന​ നടത്തിവരുകയാണ്. നിയമലംഘകർ 400 ദിർഹം പിഴ അടക്കണം. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ്രീ​മി​യം തു​ക അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക്​ 200 ദി​ർ​ഹം പി​ഴ ചു​മ​ത്തും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ഴ​ത്തു​ക തൊ​ഴി​ലാ​ളി​യു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്നോ ഗ്രാറ്റുവിറ്റി​​യി​ൽ​നി​ന്നോ കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം.മ​ന്ത്രാ​ല​യ ആ​പ്, വെ​ബ്​​സൈ​റ്റ്​ എ​ന്നി​വ വ​ഴി​യും ബി​സി​ന​സ്​ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ൾ വ​ഴി​യും പി​ഴ ബാ​ധ്യ​ത ഉ​ണ്ടോ എ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​ശോ​ധി​ക്കാം. പി​ഴ​ത്തു​ക തവണകളായി അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും തി​ര​ഞ്ഞെ​ടു​ക്കാം. പി​ഴ ല​ഭി​ച്ച​വ​ർ ന​ൽ​കു​ന്ന അ​പ്പീ​ലി​ൽ 15 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം അ​റി​യി​ക്കും. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​നാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ർ 15 വ​രെ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 66 ല​ക്ഷം ക​വി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.
പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ ജോ​ലി ന​ഷ്ട​പ്പെ​ട്ടാ​ൽ മൂ​ന്നു​മാ​സം വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ നാ​ലു മാ​സ​ത്തെ ​ഗ്രേ​സ്​ പി​രീ​ഡ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ക്ഷേ​പ​ക​ർ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ, വി​ര​മി​ച്ച​വ​ർ, വി​ര​മി​ച്ച ശേ​ഷം പെ​ൻ​ഷ​ൻ വാ​ങ്ങു​ക​യും മ​റ്റൊ​രു ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്ത​വ​ർ എ​ന്നി​വ​ർ​ക്ക്​ പ​ദ്ധ​തി​യി​ൽ ഇ​ളവ് നൽകിയിട്ടുണ്ട്.