മനാമ:ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞദിവസം ഗുദൈബിയ പാലസിൽ നടന്ന സുപ്രധാന യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഇക്കാര്യം ചർച്ച ചെയ്തു.പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ബഹ്റൈൻ-ഖത്തർ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഇരുവരും ചർച്ചനടത്തി.
ഖത്തറിന് പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെ എന്ന് കിരീടാവകാശി ആശംസിച്ചു. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, പ്രിൻസ് സൽമാനെ നന്ദി അറിയിച്ചു.
ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുംവേണ്ടിയുള്ള പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.