മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ് പ്രൊഫഷനൽ ഫോറം “കേരളവികസനവും പ്രവാസികളും” എന്ന വിഷയത്തിൽ 2023 ഡിസംബർ 18 ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. യു എൻ ദുരന്ത നിവാരണ വിദഗ്ദ്ധനും ജി-20 ഗ്ലോബൽ ലാൻഡ് ഇനീഷിയേറ്റീവ് കോർഡിനേഷൻ ഡയറക്ടറും ആയ ഡോ. മുരളി തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. നവ കേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്ക് വളരെ പ്രാധാന്യം ഉള്ളതാണ് എന്നും ഉല്പാദനപരമായ ഇടപെടലുകൾ പ്രവാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരും കേരളം നേരിടാൻ പോകുന്ന ഒരു പ്രധാന പ്രശ്‍നം വൃദ്ധജന പരിപാലനം ആണ്. അതിനു വേണ്ട പരിഹാരമാർഗങ്ങൾ തേടണം. കൂട്ടുകൃഷി, സാങ്കേതിക വിജ്ഞാനം, ഉന്നത വിദ്യാഭാസ രംഗം എന്നീ മേഖലകളിൽ പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർക്കും ഇടപെടാവുന്ന മേഖലകൾ ആണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ ആണ് കാര്യമായ സ്വാധീനം ചെലുത്തേണ്ടത്. വരും വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ നിരവധി കുട്ടികൾ വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭാസത്തിനായി പോകും. അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള കോഴ്സുകൾ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടങ്ങുകയും ആകർഷകമായ ജോലി സാധ്യതകൾ ഉണ്ടാവുകയും വേണം എന്ന് തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
മറ്റു രാജ്യങ്ങളിൽ നിന്നും നിരവധി പ്രവാസികൾ പരിപാടിയിലും ചർച്ചയിലും പങ്കെടുത്തു. ബഹ്‌റൈൻ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം പ്രെസിഡൻറ് ശ്രീ. ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രീ.ഹരിപ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി തുഷാര സജിൻ നന്ദിയും രേഖപ്പെടുത്തി.