ബഹ്റൈൻ : ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ്പ് ബഹ്റൈൻ ചികിത്സാ സഹായം കൈമാറി. കാർപെന്റർ ആയി ജോലി ചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാമത്തെ നിലയിൽനിന്നും താഴെ വീണു നട്ടെല്ലിൽ സ്റ്റീൽ കമ്പി കുത്തികയറി അരക്ക് കീഴേക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. മൂന്നു ചെറിയ പെണ്മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജീവൻ. വാടകവീട്ടിൽനിന്നും സ്വന്തമായി ഒരു വീടെന്ന രാജീവന്റെ സ്വപ്നം ബാക്കിയാണ്.ഹോപ്പ് ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട രാജീവന്റെ അവസ്ഥ മനസിലാക്കി ഹോപ്പ് അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ (രണ്ട് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി പതിനാല് രൂപ) എക്സിക്യൂട്ടീവ് അംഗങ്ങളായ റംഷാദ് എ കെ യും മുജീബ് റഹ്മാനും ചേർന്ന് കോർഡിനേറ്റർ സാബു ചിറമേലിന് കൈമാറി. സഹായതുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.