മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വർഷങ്ങളായി തുടര്‍ന്നു വരുന്ന ഇന്ത്യൻ സ്കൂൾ ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളുടെ വൻ ജനപങ്കാളിത്തമാണ് ഈ തവണ ഉണ്ടായത്. നമസ്കാരത്തിന് സഈദ് റമദാൻ നദ്വി നേതൃത്വം നൽകി.ദേഹേച്ഛയുടെ മേലുള്ള ദൈവേച്ഛയുടെ വിജയ വിളംബരമാണ് ഈദുൽ ഫിത്വർ എന്ന് ഖുതുബ നിർവഹിച്ച ജമാൽ നദ്വി പറഞ്ഞു. റമദാനിൽ വിശ്വാസികൾ ആരാധനയെ ആഘോഷമാക്കുകയായിരുന്നു. പെരുന്നാളിൽ അവർ ആഘോഷത്തെ ആരാധനയാക്കുകയാണ്. അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് ചെയ്യുന്ന നന്മകളും സേവനങ്ങളും ത്യാഗങ്ങളുമൊക്കെ യഥാർത്ഥ വിശ്വാസികളെ സ്വയം വിസ്മൃതരാക്കുകയില്ല. അവർ വ്യാജഭക്തിയിലോ ദൈവസാമീപ്യം സിദ്ധിച്ചു കഴിഞ്ഞു എന്ന അഹന്തയിലോ അകപ്പെടുകയുമില്ല. റമദാനിൽ വിശ്വാസികൾ നേടിയെടുത്ത മറ്റൊരു വലിയ മൂലധനമാണ് ക്ഷമ എന്നത്. വൈകാരികമായ സന്തുലിതത്വം ആണ് മുസ്ലിം സമൂഹം നേടിയെടുക്കേണ്ടത്. ഭൗതികമായ പരാജയങ്ങളും തിരിച്ചടികളും പരീക്ഷണങ്ങളും വിശ്വാസികളുടെ ജീവിതത്തിന്റെ അനിവാര്യതയാണ്.ഒരു മാസത്തെ ദൈവമാർഗത്തിലെ ജീവിതപരിശീലനം പൂർത്തിയാക്കിയിട്ടാണ് വിശ്വാസി സമൂഹം പെരുന്നാൾ ആഘോഷിക്കുന്നത്. നോമ്പിലൂടെ നേടിയെടുത്ത പരിശീലനത്തിലൂടെ നിരവധി ഉത്തരവാദിത്തങ്ങൾഅവർക്ക് ഈ ലോകത്ത് ചെയ്തു തീർക്കാനുണ്ട്. സമകാലിക ലോകത്ത് സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് മുസ്ലിം സമൂഹം കടന്നുപോവുന്നത്. വർഗീയതയും, വംശീയതയും അതിന്റെ സകല സീമകളും ലംഘിച്ചു കൊണ്ടിരിക്കുന്നു. വംശത്തിന്റെ പേരിൽ വിവേചനം കൽപ്പിക്കുക എന്നത് തന്നെ ഇസ്ലാമിക വിരുദ്ധമായ കാര്യമാണ്. വംശീയതയുടെ ലോക ക്രമത്തിനെതിരെ ഇസ്ലാം മുന്നോട്ട് വെക്കുന്ന സാഹോദര്യത്തിന്റെ മറ്റൊരു ലോകക്രമത്തെ പ്രചരിപ്പിക്കുകയും പ്രതിനിധീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ ദൗത്യം. പെരുന്നാൾ ദിവസം അന്തരീക്ഷത്തിൽ മുഴങ്ങുന്ന തക്ബീർ ആ നിലപാടിന്റെ പ്രഖ്യാപനം കൂടിയാണ്. ജനാധിപത്യ സാമൂഹിക ക്രമത്തിന്റെയും നിയമവാഴ്ചയുടെയും എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നോട്ട് പോവാൻ വിശ്വാസികൾക്ക് സാധിക്കണം. അവരുടെ വാക്ക്, പ്രവൃത്തി, അനുഭവം എന്നിവയിലൂടെ ഇസ്ലാമിനെ അനുഭവിക്കാൻ മറ്റുള്ളവർക്ക് അവസരം ഉണ്ടായാൽ അവിടെ ഇസ്ലാമോഫോബിയ ഏശുകയില്ല. വിജയം പുലരുന്ന പുതിയൊരു പ്രഭാതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടിയാണ് പെരുന്നാൾ. കഴിഞ്ഞ ഒരു മാസക്കാലം വിശ്വാസികൾ നേടിയെടുത്ത ജീവിത വിശുദ്ധി ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈദ് ഗാഹ് ജനറൽ കൺവീനവർ അനീസ് വി.കെ, സകീർ ഹുസൈൻ , മൂസ.കെ.ഹസൻ, ജാബിർ പയ്യോളി, എം.അജ്മൽ ശറഫുദ്ദീൻ, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, സമീർ ഹസൻ, ഫൈസൽ, സജീർ കുറ്റ്യാടി, ജാസിർ, അൽത്താഫ്, അലി അൽതാഫ്, റഹീസ് സി.പി, നൂർ, ഇജാസ്, സിറാജ് വിപി, അൻസാർ, ഷുഹൈബ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, ജൈസൽ, സാജിർ, റമീസ്, റാഷിക്, ജാഫർ,സലീൽ അബ്ബാസ്. എം, മുഹമ്മദ് മുഹിയുദ്ധീൻ, ജലീൽ, അഹമ്മദ് റഫീഖ്, സമീറ നൗഷാദ്, റഷീദ സുബൈർ, ഷൈമില നൗഫൽ, ലത്തീഫ് കടമേരി, മുസ്തഫ, അൽത്താഫ് അഹമ്മദ്, ഹാരിസ് എം.സി, ഇർഷാദ് കുഞ്ഞിക്കനി, ഷുഹൈബ്, സിറാജ് വി.പി, ജാഫർ കെ.ഡി.എം തുടങ്ങിയവർ നേതൃത്വം നൽകി.