ഏറ്റുമാനൂർ: തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ കണ്ടത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് ബോധ്യമായെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയപ്പോഴും കൊലയാളിയെക്കുറിച്ചല്ല, കൊല്ലപ്പെട്ട യുവതിയെക്കുറിച്ചാണ് ബഹുഭൂരിപക്ഷം നാട്ടുകാരും ആശങ്കപ്പെട്ടത്. എന്നാൽ ആശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് നാലാം ദിവസം പ്രതിയെയും കൊലപാതകത്തിലേക്ക് നയിച്ചസാഹചര്യങ്ങളും പൊലീസ് പുറത്തു കൊണ്ടു വന്നു. നാടിനെ നടുക്കിയ ഈ കൊലപാതകത്തിന്റെ അന്വേഷണത്തിൽ നിർണ്ണായകമായതും പ്രതിയിലെത്താൻ പൊലീസിനെ സഹായിച്ചതും അഞ്ച് തെളിവുകളാണ്.
1. നീല പോളിത്തീൻ കവർ
ഏതൊരു കൊലപാതകവും എത്ര സമർത്ഥമായി മറയ്ക്കാൻ ശ്രമിച്ചാലും പ്രതിയിലേയ്ക്ക് നയിക്കുന്ന ഒരു തെളിവെങ്കിലും ദൈവം അവശേഷിപ്പിച്ചിട്ടുണ്ടാകും. അതായിരുന്നു അതിരമ്പുഴ കൊലപാതകത്തിലെ നീല പോളിത്തീൻ കവർ. മൃതദേഹം പൊതിഞ്ഞുകെട്ടാൻ ഉപയോഗിച്ച ഈ പോളിത്തീൻ കവറാണ് പൊലീസിന് പ്രതിയിലേക്ക് എത്താനുള്ള സൂചനയായത്. ഒന്നരവർഷം മുമ്പ് ഡൽഹിയിൽ നിന്ന് ബഷീറിന് വന്ന ഒരു പാഴ്സൽ കവർ ആയിരുന്നു അത്. ഇതിലെ സീരിയൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഡൽഹിയിലെ പാഴ്സൽ കമ്പനിയിലാണ് കൊണ്ടെത്തിച്ചത്. എം.എ.ക്യൂ എന്ന ഈ കോഡായിരുന്നു പൊലീസിന്റെ ഏക കച്ചിത്തുരുമ്പ്. റെയിൽവേ വഴിയാണ് മംഗലാപുരം വരെ പാഴ്സലെത്തിയതെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. തുടർന്ന് കൊറിയർ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ട് നിന്ന് പാഴ്സൽ കോട്ടയത്ത് എത്തിയതായി കണ്ടെത്തി. കൊറിയർ ഓഫീസിൽ നിന്ന് പാഴ്സൽ ഉടമയുടെ ഫോൺ നമ്പർ കിട്ടിയതോടെ അന്വേഷണം ഖാദർ യൂസഫിലേയ്ക്ക് (ബഷീർ)തിരിയുകയായിരുന്നു. ഇയാലുടെ ഭാര്യ സൗദിയിൽ നിന്ന് വീട്ടുപകരണങ്ങൾ അയച്ച നീല പോളിത്തീൻ കവറായിരുന്നു ഇത്. ഈ കവർ താൻ അന്നു തന്നെ മെഡിക്കൽ കോളേജ് റോഡിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം പറഞ്ഞത്. എന്നാൽ ഇത്രയും നാൾ മാലിന്യകൂമ്പാരത്തിനകത്ത് കിടന്നിട്ടും പോളിത്തീൻ കവർ മുഷിയാതിരുന്നത് എങ്ങനെ എന്ന ചോദ്യത്തിനു മുമ്പിൽ ബഷീർ പതറിപ്പോയി.
2. മൊബൈൽ ഫോൺ
സംഭവ ദിവസം മുതൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ മൊബൈൽ സിഗ്നലുകൾ പൊലീസ് പരിശോധിക്കുകയായിരുന്നു. സംശയം തോന്നിയ ഇരുന്നൂറിലേറെ ഫോൺ കാളുകളുടെ വിശദാംശങ്ങൾ പൊലീസ് നിരീക്ഷിച്ചു. ഇതിനിടെയാണ് ജഡം പൊതിയാനുപയോഗിച്ച പാഴ്സൽ കവർ ബഷീറിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാളുടെ ഫോൺ നമ്പരും പൊലീസ് നിരീക്ഷിച്ചു തുടങ്ങി. ആറ് മാസം മുമ്പ് മുതലുള്ള കാളുകളാണ് പ്രധാനമായും പരിശോധിച്ചത്. കഴിഞ്ഞ മൂന്ന് മാസം മുതൽ രാത്രിയിൽ ഇയാളുടെ ഫോണിൽ നിന്നും തിരിച്ചും ദീർഘനേരം സംസാരിച്ച കാളുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ആ നമ്പർ പരിശോധിച്ചപ്പോൾ ഇത് കൊല്ലപ്പെട്ട അശ്വതിയുടെ അച്ഛന്റെതാണെന്ന് കണ്ടെത്തി. ഇതോടെ കൊല്ലപ്പെട്ട അശ്വതിയുമായി ബഷീറിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് അശ്വതിയുടെയും വീട്ടിലുള്ളവരുടെ പേരിൽ എടുത്തിട്ടുള്ള മുഴുവൻ മൊബൈൽ കണക്ഷനുകളും നിരീക്ഷണത്തിലാക്കി. പിതാവിന്റെ ഫോണിൽ നിന്ന് അർദ്ധരാത്രി കഴിഞ്ഞും പെൺകുട്ടി ബഷീറിനെ വിളിച്ചുരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഫോൺ കാൾ വിശദാംശങ്ങൾ. ബഷീറിന്റെ ഫോണിൽ നിന്ന് പുറത്തേയ്ക്കും തിരിച്ചും വന്ന കോളുകൾ നിരീക്ഷിച്ചതിൽ നിന്ന് കൊല നടന്ന സമയത്ത് അയാൾ അമ്മഞ്ചേരിയിലെ വീട്ടുലുണ്ടായിരുന്നു എന്ന നിർണായക തെളിവും ലഭ്യമായി.
3. സി.സി ടി. വി കാമറ
ബഷീർ പെൺകുട്ടിയുടെ മൃതദേഹം സ്വന്തം കാറിലാണ് റബർ തോട്ടത്തിലെത്തിച്ചതെന്നും കുറച്ച് സമയം ജഡവുമായി കറങ്ങിയെന്നതും സാങ്കേതികമായി തെളിയിക്കുന്നതിന് പൊലീസ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇയാളുടെ വെളുത്ത നിറമുള്ള ഹുണ്ടായി ഇയോൺ കാർ കടന്നു പോകാൻ സാധ്യതയുള്ള മേഖലകളിലെ കാമറ ദൃശ്യങ്ങളാണ് പരിശോധിച്ചത്. വീടുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും മുന്നിലുള്ള കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാളുടെ കാറ് സംഭവ ദിവസം ഈ വഴി കടന്ന് പോയതായി തെളിഞ്ഞു. ഇതും കേസിൽ നിർണ്ണായക തെളിവായി.
4. ബഡ് ഷീറ്റ്
ബഡ് ഷീറ്റ് ഉപയോഗിച്ചാണ് അശ്വതിയുടെ മൃതദേഹം പൊതിഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബഷീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നു കട്ടിലുകളിൽ രണ്ടു കട്ടിലുകളിൽ മാത്രമേ ഇതേ തരത്തിലുള്ള ബെഡ് ഷീറ്റ് അവശേഷിക്കുന്നുള്ളൂവെന്ന് കണ്ടെത്തി. സംഭവ ദിവസം ബഷീറും അശ്വതിയും തമ്മിൽ വഴക്കിട്ടിരുന്നു. വിദേശത്തുള്ള ഭാര്യ മടങ്ങി വരുന്നതിന് മുമ്പ് എങ്ങോട്ടെങ്കിലും പോകണമെന്നായിരുന്നു ബഷീറിന്റെ ആവശ്യം. എന്നാൽ അശ്വതി ഇത് സമ്മതിച്ചില്ല. ഇതേ തുടർന്ന് പ്രകോപിതനായ ബഷീർ കസേരയിലിരുന്ന അശ്വതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും അശ്വതി തറയിൽ വീണ് തലയ്ക്ക് പരിക്കേൽക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ അശ്വതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിൽ കിടത്തി ബഡ് ഷീറ്റു കൊണ്ട് പൊതിഞ്ഞു. അങ്ങനെയാണ് കട്ടിലിൽ നിന്ന് ബഡ്ഷീറ്റ് കാണാതായത്. ഇത് അന്വേഷണത്തിന് ശക്തമായ തെളിവാകുകയും ചെയ്തു.
5.ഡി.എൻ.എ ടെസ്റ്റ്
കൊല്ലപ്പെട്ട അശ്വതിയെ കഴിഞ്ഞ കുറേ മാസങ്ങളായി നാട്ടുകാരാരും കണ്ടവരില്ല. തന്നെയുമല്ല, മെലിഞ്ഞ ശരീര പ്രകൃതിയായ ഇവർ ഗർഭിണിയായതോടെ തടിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ട് രണ്ടു ദിവസംകഴിഞ്ഞ ശേഷമാണ് ശരീരം റബ്ബർതോട്ടത്തിൽ കണ്ടെത്തിയത്. ഇതിനകം വീർത്തു മുഖം കരിവാളിക്കുകൂടി ചെയ്തതോടെ അയൽവാസികൾ പോലും അശ്വതിയെ തിരിച്ചറിഞ്ഞില്ല. പിതാവ് കണ്ടെങ്കിലും തന്റെ മകളല്ലെന്ന നിലപാടിലായിരുന്നു അയാൾ. ഇതോടെ പൊലീസ് വീണ്ടും പ്രതി സന്ധിയിലായി. മറ്റെല്ലാം തെളിവുകളും പ്രതിയിലേക്ക് നയിച്ചിട്ടും കൊല്ലപ്പെട്ടത് അശ്വതിയാണെന്ന് തെളിയിക്കാനായില്ലെങ്കിൽ അത് വലിയ തിരിച്ചടിയാകും. ഇതോടെയാണ് ഡി. എൻ.എ ടെസ്റ്റ് നടത്തി ഇക്കാര്യം ശാസ്ത്രീയമായി ഉറപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് നടത്തിയ ഡി. എൻ. എ പരിശോധനയിൽ മൃതദേഹം അശ്വതിയുടെതാണെന്നും കുഞ്ഞിന്റെ പിതാവ് ബഷീറാണെന്നും കണ്ടെത്തുകയായിരുന്നു.