മൊബൈല്‍ ഫോണില്‍ ചാണകം തളിച്ചാല്‍ റേഡിയേഷന്‍ ഭയക്കേണ്ട ??

dungആഗ്ര: ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. ‘ശുദ്ധമായ പശുവിന്‍ ചാണകമാണ് എന്റെ ഫോണിലുള്ളത്. സെല്‍ഫോണിന്റെ ദോഷകരമായ റേഡിയേഷനില്‍ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്’ അദ്ദേഹം പറയുന്നു. ‘ പശു ഞങ്ങളുടെ മാതാവാണ്. അതിന്റെ വിസര്‍ജ്യങ്ങളായ ചാണകത്തിനും മൂത്രത്തിനും മനുഷ്യനെ ഏതു രോഗത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ചാണകം കൊണ്ട് ക്യാന്‍സര്‍ മാറ്റാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സെല്‍ഫോണിന്റെ വികിരണങ്ങളില്‍ നിന്നും സംരക്ഷിച്ചുകൂടാ?.’ അദ്ദേഹം ചോദിക്കുന്നു. ഗോമൂത്രത്തില്‍ നിന്നും ഗുജറാത്തിലെ ചില ശാസ്ത്രജ്ഞര്‍ സ്വര്‍ണം കണ്ടെത്തിയെന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം.

ഓരോ ആഴ്ചയും മൊബൈല്‍ ഫോണിലെ ചാണകം മാറ്റുമെന്നും അദ്ദേഹം പറയുന്നു. ‘ തന്റെ സംഘത്തിലുള്ള എല്ലാവരും, അത് കുട്ടികളാകട്ടെ, സ്ത്രീകളാകട്ടെ ഫോണില്‍ ചാണകം തളിച്ചിരിക്കും. എന്തുകൊണ്ട് അവര്‍ അതു ചെയ്യുന്നു? അവര്‍ക്ക് അതിന്റെ മാജിക് അനുഭവമുണ്ട്.’ അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങള്‍ ഗോമൂത്രവും ചാണകത്തില്‍ നിന്നും സ്വാംശീകരിച്ചെടുക്കുന്ന വസ്ത്രുക്കളും കുടിക്കാറുണ്ട്. അതാണ് 76 ആം വയസിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഗോരക്ഷാ പ്രമുഖ് പറയുന്നു. ‘നോര്‍മല്‍ ഡെലിവറി ഉറപ്പുവരുത്തുന്നതിനായി ഗര്‍ഭിണികള്‍ക്ക് ചാണകവും ഗോമൂത്രവും കഴിക്കാന്‍ നല്‍കാറുണ്ട്. ചാണകം ഉപയോഗിച്ചാണ് തങ്ങള്‍ എല്ലാ രോഗവും ചികിത്സിച്ചു മാറ്റാറുള്ളത്.’അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ പശുക്കളുടെ ചാണകത്തിനു മാത്രമേ ഈ പറഞ്ഞ ഗുണങ്ങളൊക്കെയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. ജേഴ്‌സി, ഹോള്‍സ്‌റ്റെയിന്‍ പോലുള്ള പശുക്കളുടെ ചാണകത്തിന് ഈ ഗുണങ്ങളൊന്നുമില്ല. ഇവരുടെ ചാണകവും പാലുമെല്ലാം വിഷമാണെന്നും ഇയാള്‍ പറയുന്നു.