ജർമനിയിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി പൂർത്തിയാകുന്നു

ജർമനി: ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും മൃതദേഹങ്ങൾ എത്തിക്കുക. എയർ ഇന്ത്യ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.ജർമൻ പോലീസിൽനിന്നുള്ള മരണ സർട്ടിഫിക്കറ്റും പുക ശ്വസിച്ചതാണ് മരണകാരണമെന്നതും പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നതും വ്യക്തമാക്കുന്ന രേഖകളും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സിവിൽ രജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പാസ്‌പോർട്ടുകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖ അനുവദിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി സമർപ്പിച്ച അപേക്ഷയിൽ കോൺസുലേറ്റിന്റെ എൻ.ഒ.സി. ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനാവശ്യമായ രേഖകളും നൽകിയിട്ടുണ്ട്.മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാനും ഇതിനാവശ്യമായ ചെലവുകൾ വഹിക്കാനും നോർക്ക റൂട്ട്സിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരന്തവിവരം അറിഞ്ഞതുമുതൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ്, ജർമനിയിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.തീപിടിത്തത്തിൽ കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് മരിച്ചത്.