
മസ്കത്ത്: ജീവിതച്ചെലവ് കുറയ്ക്കാനും ആരോഗ്യം, കൃഷി, കന്നുകാലി മേഖലകളെ പിന്തുണയ്ക്കാനുമായി ഒമാൻ നിരവധി ഉൽപന്നങ്ങളെ വാറ്റിൽ (മൂല്യവർധിത നികുതി) നിന്ന് പൂർണമായി ഒഴിവാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മനുഷ്യർക്കുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെറ്ററിനറി മരുന്നുകൾ എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 0% വാറ്റ് ബാധകമാകും. സ്വദേശികളുടെയും പ്രവാസികളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും അവശ്യമേഖലകൾക്ക് പിന്തുണ നൽകുന്നതിനുമാണ് നടപടിയെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ
പുതിയ പട്ടികയിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് ഇനി വാറ്റ് നൽകേണ്ടതില്ല. ബീഫ്, ആട്ടിറച്ചി, ഒട്ടകമാംസം, കോഴിയിറച്ചി എന്നിവയുടെ ഫ്രഷ്, ശീതീകരിച്ച, ഫ്രീസ് ചെയ്ത, കട്ട് രൂപങ്ങൾക്കും ഇളവുണ്ട്. മത്സ്യം, കടൽവിഭവങ്ങൾ, പാൽ, ബാഷ്പീകരിച്ച പാൽ, തൈര്, ലബൻ, വെണ്ണ, വിവിധതരം ചീസ് എന്നിവയും പട്ടികയിലുണ്ട്.
മുട്ട, വിരിയിക്കാനുള്ള മുട്ട, ഫ്രഷ്, ഉണക്ക പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ എന്നിവയ്ക്കും നികുതി ഒഴിവാകും. കന്നുകാലി വളർത്തൽ, അറവ്, പാൽ ഉൽപാദനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന പശു, ആട്, ചെമ്മരിയാട്, ഒട്ടകം, കോഴി തുടങ്ങിയ ജീവികളും ഇളവിന്റെ പരിധിയിൽ വരും.
മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും
ആരോഗ്യമേഖലയിലെ ചെലവ് കുറയ്ക്കാൻ മരുന്നുകൾ, ഔഷധസസ്യങ്ങളിൽ നിന്നുള്ള ചികിത്സാ ഉൽപന്നങ്ങൾ, ജൈവ-ആരോഗ്യ ഉൽപന്നങ്ങൾ, മെഡിക്കൽ ആവശ്യത്തിനുള്ള ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെയും വാറ്റിൽ നിന്ന് ഒഴിവാക്കി. ആന്റിബയോട്ടിക്കുകൾ, ഹോർമോണുകൾ, വാക്സിനുകൾ, രക്തസീറം, കുട്ടികൾക്കുള്ള ഫോർമുല ഭക്ഷണം, പ്രത്യേക രോഗാവസ്ഥകൾക്കുള്ള ഭക്ഷണം, മെഡിക്കൽ സൊല്യൂഷനുകൾ, ഓക്സിജൻ ഗ്യാസ്, ദന്തചികിത്സാ ഉൽപന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുകവലി നിർത്താനുള്ള പാച്ചുകളും ഇൻഹേലറുകളും പട്ടികയിലുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ റിലീസ് പെർമിറ്റും അംഗീകൃത കസ്റ്റംസ് ടാരിഫ് കോഡും ബാധകമായിരിക്കും.
വെറ്ററിനറി മേഖല
കൃഷി, കന്നുകാലി മേഖലകളിലെ ചെലവ് കുറയ്ക്കാൻ നിശ്ചിത വെറ്ററിനറി മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും 0% വാറ്റ് ബാധകമാണ്. വാക്സിനുകൾ, സീറം, ജൈവ ഉൽപന്നങ്ങൾ, പെനിസിലിൻ, സ്ട്രെപ്റ്റോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പോഷക സപ്ലിമെന്റുകൾ എന്നിവ ഇതിലുൾപ്പെടും. മൃഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൊല്യൂഷനുകൾ, ജെല്ലുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കും നികുതിയുണ്ടാകില്ല.
മൂന്ന് മേഖലകളിലും ഇളവിന് അർഹമായ ഉൽപന്നങ്ങളുടെ വിശദമായ പട്ടിക, ഏകീകൃത കസ്റ്റംസ് താരിഫ് കോഡുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.







