ഡൽഹി:ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ജയ്ത്പൂർ ഏരിയയിലെ നീമ ആശുപത്രിയിലാണ് സംഭവം. ഡോ. ജാവേദ് അക്തർ (55) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 1.30നാണ് കൃത്യം നടന്നതെന്ന് പോലീസ് അറിയിച്ചു. ചികിത്സയ്ക്ക് എത്തിയ രണ്ടുപേർ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു. മുറിവ് വെച്ചുകെട്ടാൻ എന്ന പേരിലാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്.

കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം എന്ന് സംശയമുണ്ടെന്നും പൊളി അറിയിച്ചു. പ്രതികൾ ഇരുവരും പരിക്കേറ്റു എന്ന് പറഞ്ഞാണ് ഹോസ്പിറ്റലിൽ എത്തിയത്. ഡോക്ടർ ജാവേദിനെ തന്നെ കാണണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായും ആശുപത്രി ജീവനക്കാർ പറഞ്ഞു. ചികിത്സയ്ക്കായി അപ്പോയിൻ്റ്മെൻ്റ് ലഭിച്ച് ഡോക്ടറുടെ ക്യാബിനിനുള്ളിൽ കയറിതിന് ശേഷമാണ് പ്രതികൾ ഡോക്ട‍ർക്ക് നേരേ വെടിയുതിർത്തത്. കൃത്യം നടന്നതിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് രണ്ട് പ്രതികളും ആശുപത്രി പരിസരത്ത് നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.