മസ്കത്ത്: ഒമാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, മിഡിലീസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങള്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. രണ്ടു വിഭാഗങ്ങളിലെയും നൂതന സാങ്കേതികതകളും മറ്റും പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ ഒമാനിലും പുറത്തുമായി 150ഓളം പ്രദര്‍ശകര്‍ പങ്കെടുക്കുമെന്ന് സംഘാടകരായ മസ്കത്ത് എക്സ്പോ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മെല്‍വിന്‍ ഡിക്കുഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയ്യായിരത്തിനും ഏഴായിരത്തിനും ഇടയില്‍ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ് രംഗമെന്നും പ്രദര്‍ശനത്തിലൂടെ നിരവധി നിക്ഷേപാവസരങ്ങള്‍ ലഭ്യമാകുമെന്നും മസ്കത്ത് എക്സ്പോ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ അഹ്മദ് സാലെഹ് ബാബൂദ് പറഞ്ഞു. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനമായ ബയാനെ പരിചയപ്പെടുത്താന്‍ കസ്റ്റംസ് ഡയറക്ടറേറ്റ് ജനറല്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ബയാനെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ലെഫ്. കേണല്‍ അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍ ബലൂഷി പറഞ്ഞു.
ഇതുവഴി സമയലാഭത്തിനൊപ്പം കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലും ഒമ്പതു് മന്ത്രാലയങ്ങളും ചേര്‍ന്ന് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു.