ആഫ്രിക്കയില്‍ നിന്നെത്തുന്ന ശക്തമായ ഉഷ്ണവാത പ്രവാഹം കാരണം യുകെയില്‍ വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റ് ദിനങ്ങളാണ് സമാഗതമാകുന്നതെന്ന മുന്നറിയിപ്പുമാമായി കാലാവസ്ഥ കേന്ദ്രങ്ങൾ.ഇതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുകെയില്‍ രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തെയും ശക്തമായ സമ്മര്‍ എത്തിച്ചേരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ താപനില കുതിച്ചുയരുമെന്നാണ് കരുതുന്നത്.കഴിഞ്ഞ മാസം യുകെയിലുണ്ടായ ശക്തമായ ഉഷ്ണവാത പ്രവാഹം കാരണം മിക്കയിടങ്ങളിലും ഊഷ്മാവ് 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് അത് ആവര്‍ത്തിക്കാനാണ് സാധ്യത.എന്നാല്‍ 2003ല്‍ രേഖപ്പെടുത്തിയിരിക്കുന്ന റെക്കോര്‍ഡ് താപനിലയായ 38.5 ഡിഗ്രി സെല്‍ഷ്യസിനെ മറികടക്കുന്ന താപനിലയായിരിക്കും ഈ മാസമെത്തുകയെന്നും ചില കേന്ദ്രങ്ങൾ മുന്നറിയിപ്പേകുന്നുണ്ട്.
ഇത്തരത്തില്‍ ഈ വീക്കെന്‍ഡിന് ശേഷം രാജ്യത്ത് താപനില കുതിച്ചുയരുന്നതിനാല്‍ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂട് പ്രമാണിച്ച് യാത്രക്കാര്‍ വെള്ളം എപ്പോഴും കൈയില്‍ കരുതേണ്ടതുണ്ടെന്നും കാറുകള്‍ അമിതമായി ചൂടാകുന്നതിനെ തുടര്‍ന്നുള്ള ആപത്തുകള്‍ക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ചൂട് 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നാല്‍ തന്നെ ചിലപ്പോഴൊക്കെ റോഡുകളില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പിന്നെ താപനില 30 ഡിഗ്രിക്ക് മുകളില്‍ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.തല്‍ഫലമായി സ്റ്റേഷനറി കാറുകളുടെ ഉള്‍വശത്തെ താപനില 60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും ബുദ്ധിമുട്ടുകളുണ്ടാകാനും സാധ്യതയുണ്ട്.
തണുത്ത കാലാവസ്ഥയ്ക്ക് ശേഷം ഡ്രൈവര്‍മാര്‍ ചൂടിന്റെ കാഠിന്യമറിഞ്ഞ് സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകാന്‍ പോകുന്നുവെന്നാണ് ആര്‍എസി ട്രാഫിക് വാച്ച് വക്താവായ റോഡ് ഡെന്നീസ് വെളിപ്പെടുത്തുന്നത്.ജൂലൈയിലുണ്ടായ ഉഷ്ണവാത പ്രവാഹത്തെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡുകളില്‍ ബ്രേക്ക്ഡൗണാവുന്നതിന് നാം ദൃക്സാക്ഷികളായതാണെന്നും ഓഗസ്റ്റില്‍ താപനില അതിലുമുയരാന് സാധ്യതയേറിയതിനാല്‍ വാഹനമോടിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇരട്ടിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതിനാല്‍ കാറിനകത്തെ കൂളിംഗ് സംവിധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കടുത്ത ഭീഷണിയാണുണ്ടാകാന് പോകുന്നതെന്നും അദ്ദേഹം പറയുന്നു.തിക്കും തിരക്കുമുള്ള റോഡുകളിലൂടെ ഞെങ്ങിഞെരുങ്ങി പോകുമ്പോള്‍ ചൂട് കൂടി വര്‍ധിച്ചാല്‍ യാത്ര നരകസമാനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
വാഹനങ്ങളില്‍ പുറത്തുള്ളതിനേക്കാള്‍ ഈ അവസരത്തില്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ അടച്ചിട്ട കാറുകളിലും മറ്റും കുട്ടികളെയും ഓമനമൃഗങ്ങളെയും അടച്ചിട്ട് പോകുന്നത് അവരുടെ ജീവന് നഷ്ടപ്പെടുത്തുമെന്നുള്ള കടുത്ത മുന്നറിയിപ്പുമായി എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ കാര്‍ ബ്രേക്ക്ഡൗണായാല്‍ അതിലെ എയര്‍കണ്ടീഷന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ വേണ്ടത്ര ജലം സംഭരിച്ച് മാത്രമേ യാത്രയ്ക്കിറങ്ങിത്തിരിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. പ്രത്യേകിച്ചും നിങ്ങള്‍ക്കൊപ്പം വാഹനത്തില്‍ വളരെ ചെറിയ കുട്ടികളോ വയോജനങ്ങളോ ഉണ്ടെങ്കില്‍ കൂടുതല്‍ കരുതലെടുക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ ഊഷ്മാവ് രാജ്യമാകമാനം കുതിച്ചുയരാന്‍ പോകുന്നുവെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.ബ്രിട്ടന്റെ തെക്കന്‍ ഭാഗങ്ങളില്‍ 25 ഡിഗ്രിക്ക് മുകളിലും പിന്നീടത് 32 ഡിഗ്രിയുമായിത്തീരുമെന്നാണ് പ്രവചനം.
കൂടാതെ തലസ്ഥാനമായ ലണ്ടനിലും താപനില വരും ദിവസങ്ങളില്‍ കുതിച്ചുയരുന്നതാണ്. നോര്ത്തിലാകട്ടെ 25 ഡിഗ്രിക്ക് മുകളിലായിരിക്കും താപനിലയെന്നും പ്രവചനമുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇക്കാലത്തും മഴയുണ്ടാകാം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റടിക്കുന്നതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ തണുത്ത കാലാവസ്ഥയ്ക്കും മഴയ്ക്കും വഴിയോരുങ്ങുന്നതാണ്. സ്കോട്ട്ലാന്‍ഡില്‍ പ്രതികൂലമായ കാലാവസ്ഥയ്ക്ക് സാധ്യതയേറെയാണ്.