

മനാമ: കേരളത്തിൽ കലാലയങ്ങളിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവൽക്കരണമെന്ന പേരിൽ യാതൊരു ചർച്ചകളും സംഘടിപ്പിക്കാതെ സർക്കാർ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയ സൂമ്പാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് സാഹിബിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഏകാധിപത്യ സ്വഭാവത്തോടെ നടപ്പിലാക്കിയ പ്രതികാര നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചും വിസ്ഡം ബഹ്റൈൻ ചാപ്റ്റർ സമൂഹത്തിലെ വിവിധ സാംസ്കാരിക വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രഭാതത്തിൽ വിളിച്ചു കൂവി ലോകത്തെ ഉണർത്തുന്നു എന്ന കുറ്റത്തിന്റെ പേരിൽ എല്ലാവരും കശാപ്പ് ചെയ്യന്ന ‘കോഴി’ യുടെ ഗതിയാണ് മിക്കവാറും ധർമ്മച്യുതിക്കെതിരെ പ്രസംഗിക്കുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്നവർക്കെതിരെ ഭരണകൂടം നടത്തുന്നതെന്ന് മുഖ്യ പ്രഭാഷകൻ വിസ്ഡം ബഹ്റൈൻ പ്രതിനിധി സജ്ജാദ് ബിൻ അബ്ദു റസാഖ് ഓർമിപ്പിച്ചു. സർക്കാർ സംവിധാനങ്ങൾ യാതൊരു ചർച്ചയും കൂടാതെ അടിച്ചേൽപ്പിക്കുന്ന സാമൂഹ്യ വിപത്തുക്കളെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് അഷ്റഫ് മാഷിനെ പോലുള്ളവരെ സസ്പെന്റ് ചെയ്യുക എന്നത് തികച്ചും അനുവദിച്ചുകൂടാത്തതാണെന്നും ഒഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം ഓർമിപ്പിച്ചു. ബഹ്റൈൻ പോലുള്ള ഒരു കൊച്ചു രാജ്യത്ത് നമ്മുടെ നാടിന്റെ പൊതു നന്മയോർത്ത് ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ച വിസ്ഡം പ്രവർത്തകരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിദ്യാലയങ്ങളിൽ സൂമ്പ പരിശീലിപ്പിക്കുന്നത് ‘ലഹരിയിൽ നിന്നും പുതു തലമുറയെ’ വഴി തിരിച്ചു വിടാനാണെന്നാണ് ഭരണ ഭാഷ്യം, എന്നാൽ ചാനലുകളും പ്രൈം ടൈം ഡിബേറ്റുകളും പരിശോധിച്ചാൽ ഏറ്റവും കൂടുതൽ മദ്യമൊഴുകുന്നത് ഡി ജെ പാർട്ടികളിലും, സംഗീത നിശകളിലുമാണ്. ലഹരി പാടെ തുടച്ചു നീക്കുമെന്ന് പറഞ്ഞു ഭരണം കൈയാളിയവർ കേരളക്കര മുഴുക്കെ ലഹരി ഒഴുക്കുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സൂമ്പ പോലുള്ള പരിപാടികൾ ക്രമേണ കുട്ടികളെ ലഹരിയിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളൂവെന്നും കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളി കുളങ്ങര ചൂണ്ടിക്കാട്ടി വിസ്ഡം ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കെ. എം. സി. സി യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഒരു പൗരന്റെ മൗലികാവകാശമായ ഏതൊരു മതത്തിൽ വിശ്വസിക്കാനും, ആ മതത്തെ പ്രബോധനം ചെയ്യുവാനും അവന്റെ ആരാധനാ കർമങ്ങൾ ചെയ്യാനും ഭരണഘടന അവകാശം നല്കുന്നുവെന്നിരിക്കെ, തന്റെ മതവിശ്വാസങ്ങൾക്കെതിരെ വരുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും പൗരന് അവകാശമുണ്ടെന്ന് യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം അലി അൽത്താഫ് ഓർമ്മിപ്പിച്ചു. ഇതിനെതിരെ യുവത്വത്തെ ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്നും, വിസ്ഡം സംഘടിപ്പിച്ച ഈ പ്രതിഷേധ സംഗമത്തിന് യൂത്ത് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നതായും അൽത്താഫ് സൂചിപ്പിച്ചു.
വിസ്ഡം ബഹ്റൈൻ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബിനു ഇസ്മായിൽ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി.എം അധ്യക്ഷംത വഹിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്യ നന്ദി പ്രകടിപ്പിച്ചു.







