
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കഴിഞ്ഞ ഓണത്തിന് പ്രഖ്യാപിച്ച “പാപ്പ സ്വപ്നഭവനം” ഭവനനിർമ്മാണ പദ്ധതി നാട്ടിൽ അതിവേഗം പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒരു ബഹ്‌റൈൻ പ്രവാസിക്കുവേണ്ടി പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ സ്നേഹഭവനം ഒരുങ്ങുന്നത്.പദ്ധതിയുടെ ആദ്യഘട്ടമായ അടിത്തറ നിർമ്മാണം പൂർത്തിയായി. രണ്ടാം ഘട്ടമായ വാർപ്പ് വരെയുള്ള ജോലികൾ ഈ ഓണത്തിന് മുമ്പായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന ജോലികൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കി വീടിന്റെ താക്കോൽ കൈമാറാനാണ് അസോസിയേഷൻ ശ്രമിക്കുന്നത്.ഈ മഹത്തായ ഭവനപദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഈ പദ്ധതിയുടെ പൂർത്തീകരണത്തിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണ്. പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.








