ശാന്തി സദനം ‘ആർദ്രം’ ശിശുദിനത്തിൽ; പി.എം.എ ഗഫൂർ ബഹ്റൈനിലെത്തുന്നു

മനാമ : ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആർദ്രം’25 എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹ സംഗമം ഒരുക്കുന്നു. കേരളത്തിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം. എ ഗഫൂറിൻ്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. നവംബർ 14 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കെ.സിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ ആവിഷ്കാരവും അരങ്ങേറും. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിൻ്റെ പ്രചരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് കേരളത്തിലെ ജനപ്രിയ മോട്ടിവേഷൻ സ്പീക്കറും ലൈഫ് കോച്ചുമായ പി.എം. എ ഗഫൂർ വീണ്ടും ബഹ്റൈനിലെത്തുന്നത് . പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും . പ്രഭാഷണം കേൾക്കാനായി ബഹ്റൈനിലെ പ്രവാസികളെയും കുടുംബങ്ങളെയും സ്നേഹപൂർവം സ്വാഗതം ചെയുന്നതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ് .പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ നിസാർ കൊല്ലം , ജനറൽ കൺവീനർ ഇ.വി.രാജീവൻ, വൈസ് ചെയർമാൻമാരായ ജമാൽ ഇരിങ്ങൽ, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തിൽ , കൺവീനർമാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡൻ്റ് രാധാകൃഷ്ണൻ കെ, ജനറൽ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മറ്റി കൺവീനർ അഫ്സൽ കളപ്പുരയിൽ, ട്രഷറർ ജാബിർ. എം എന്നിവർ പങ്കെടുത്തു.