വോയ്‌സ് ഓഫ് ആലപ്പി നാലാമത് രക്തദാന ക്യാമ്പ്, സൽമാനിയ ഹോസ്പിറ്റലിൽ നടന്നു

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. മനുഷ്യജീവന് താങ്ങും തണലുമാകുന്ന ഈ കാരുണ്യ പ്രവർത്തനത്തിൽ നിരവധി രക്തദാതാക്കൾ പങ്കെടുത്തു. സൽമാനിയ ഹോസ്പിറ്റലിൻ്റെ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പ്, രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു. ഈ ജീവകാരുണ്യ ദൗത്യം ബഹ്‌റൈൻ സമൂഹത്തിൽ ആലപ്പുഴക്കാരുടെ സജീവമായ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി.ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം നിർവഹിച്ചു. യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരികൂടിയായ സാമൂഹിക പ്രവർത്തകൻ അലക്സ് ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. കൃത്യമായ മുന്നൊരുക്കങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പിലേക്ക് ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള രക്തദാതാക്കൾ രാവിലെ മുതൽ തന്നെ എത്തിച്ചേർന്നു. രക്തം നൽകാൻ സന്നദ്ധരായവരുടെ വലിയ പങ്കാളിത്തം ക്യാമ്പിൻ്റെ വിജയത്തിന് ആക്കം കൂട്ടി. ക്യാമ്പിൻ്റെ കോർഡിനേറ്റർ കൂടിയായ ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.വോയ്‌സ് ഓഫ് ആലപ്പിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഏരിയ ഭാരവാഹികളും ക്യാമ്പിൻ്റെ സുഗമമായ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചു. ഈ രക്തദാന ക്യാമ്പിലൂടെ ബഹ്‌റൈനിലെ ആരോഗ്യമേഖലയ്ക്ക് ഒരു കൈത്താങ്ങാവാനും, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ള നിരവധി രോഗികൾക്ക് ആശ്വാസം നൽകാനും വോയ്‌സ് ഓഫ് ആലപ്പിക്ക് കഴിഞ്ഞു.