പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജോസ് എബ്രഹാമിനെ ആദരിച്ചത്. ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുനടന്നത്. അടുത്തിടെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് ഈ പുസ്തക പ്രകാശനം നടന്നത്. ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടനയായ പ്രവാസി ലീഗൽ സെല്ലിനുള്ള പ്രവർത്തനമികവിനുള്ള ഏറ്റവും പുതിയ അംഗീകാരമായി ഇതിനെ കാണുന്നതായും പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനായി തുടർന്നും ശക്തമായ പ്രവർത്തനം തുടരുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പറഞ്ഞു.