
മനാമ : ബഹ്റൈൻ ഭാരതി അസോസിയേഷൻ,ഗ്രാൻഡ് പൊങ്കൽ ആഘോഷം സംഘടിപ്പിക്കുന്നു.
ജനുവരി 16 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ഗ്രാൻഡ് പൊങ്കൽ പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നിലധികം ദിവസങ്ങളായി നടക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ.തമിഴ് ജനതയുടെ പ്രിയപ്പെട്ട ഉത്സവമായ തൈ പൊങ്കൽ, തമിഴ് കലണ്ടറിലെ തൈ മാസത്തിന്റെ ആദ്യദിനത്തോടൊപ്പമാണ് ആഗതമാകുന്നത്. വിളവിന്, സൂര്യന്‍, പ്രകൃതിയ്ക്ക് നന്ദി അറിയിക്കുന്ന ഈ ഉത്സവത്തിന് തമിഴ് സമൂഹത്തിൽ വലിയ സാംസ്‌കാരിക പ്രാധാന്യമാണുള്ളത്.
ഇന്ത്യൻ ക്ലബിൽ ജനുവരി 16 ന് രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളായി വിഭജിച്ചിച്ചാണ് ആഘോഷപരിപാടികൾ നടക്കുക.പുതിയ മൺപാത്രങ്ങളിൽ വെൺപൊങ്കൽ പാചകം ചെയ്തും ,കരിമ്പും,മാവിലകളും, പൂക്കളും , വാഴകളും കൊണ്ട് അലങ്കരിച്ച് ഉത്സവ അന്തരീക്ഷത്തിലായിരിക്കും പൊങ്കലാഘോഷങ്ങൾ. പൊങ്കൽ ആഘോഷം രാവിലെ 7:30 മണിക്ക് കോലമിടൽ മത്സരത്തോടെ ആരംഭിക്കും.ഉറിയടി, വടംവലി ഉൾപ്പെടെയുള്ള കായികമത്സരങ്ങളും അരങ്ങേറും.സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് സമ്മാനങ്ങളും വിതരണം ചെയ്യും.സമൃദ്ധമായ പൊങ്കൽ വിരുന്നുമുണ്ടാകും. വിവിധ ഗ്രാമീണ നൃത്തങ്ങൾ അവതരിപ്പിക്കും. ഏകദേശം 62 പേർ നൃത്തപ്രകടനത്തിൽ പങ്കെടുക്കും. 60-ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന കുമ്മി നൃത്ത അവതരണവുമുണ്ടാകും.വൈകീട്ടുള്ള സെഷനിൽ ലൈവ് ഓർക്കസ്ട്രയും, തമിഴ് സിനിമാ സെലിബ്രിറ്റികളുടെ പ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിൽ ബഹ്‌റൈനിലെ തമിഴ് സമൂഹത്തിൽ നിന്നുള്ള നിരവധിപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.








