
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ -ശിഫ അൽജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും വനിതകൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടന്നു.
മനാമ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സതേൺ ഗവർണ്ണറേറ്റിൽ നിന്നുള്ള എംപി ഡോ.മറിയം സാലഹ് ഫാരെസ് അൽദയിൻ വനിതകൾക്കായുള്ള സെഷനിൽ മുഖ്യാഥിതിയായി പങ്കെടുത്തു.
വനിത ആരോഗ്യസംരക്ഷണമെന്നത് കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണമാണെന്ന് എംപി പറഞ്ഞു.നമ്മുടെ ആരോഗ്യത്തിന്റെ അവസ്ഥകളെയും വ്യതിയാനങ്ങളെയും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ അതിനുള്ള നൂതനസാങ്കേതിക പരിഹാര-പ്രതിരോധ മാർഗങ്ങൾ അറിയുന്നത് മുന്നോട്ടുള്ള ജീവിതം സുന്ദരവും സന്തോഷമുള്ളതുമാക്കും.സ്ത്രീകൾ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ,അതിനുമുമ്പും ശേഷവും അതുപോലെ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ ഓരോ പ്രായത്തിലും അവർക്ക് ക്രമപ്പെടുത്തേണ്ട ഭക്ഷണക്രമങ്ങൾ,വ്യായാമങ്ങൾ അറിഞ്ഞിരിക്കേണ്ടതിന്റെ, പ്രയോഗത്തിൽ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ സെഷനുകൾ നടന്നു. ശിഫ അൽജസ്സീറ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ സുനിത കുമ്പള,റിൻസത് എന്നിവരും ഡയറ്റീഷ്യൻ -ന്യൂട്രിഷണിസ്റ്റ് ഡോ ജിഷ ജോസഫും നൽകിയ ക്ലാസ്സിൽ സദസ്സിന്റെ സംശയങ്ങളും സദസ്സിനോടുള്ള ചോദ്യങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചു.
എംപി മറിയം സാലഹ് ഫാരെസ് അൽദയിനുള്ള BKCK യുടെ ഉപഹാരം വനിത വിംഗ് അഡ്മിനുമാരായ ഫർസാനയും സുഫൈജയും ചേർന്ന് നൽകി. സ്വകാര്യ ആശുപത്രികളിൽ പൊതുസമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുന്ന ശിഫ അൽ ജസീറയുമായി സഹകരിച്ചു ക്യാമ്പ് സംഘടിപ്പിക്കാൻ മികച്ച പിന്തുണ നൽകിയ മെഡിക്കൽ സെന്റർ ചെയർമാൻ ഡോ കെ ടി റബീയുള്ളാഹ്,വൈസ് ചെയർമാൻ സിയാദ് ഉമ്മർ എന്നിവർക്കുള്ള നന്ദി കൂട്ടായ്മ രേഖപ്പെടുത്തി.ശിഫ അൽ ജസീറക്കുള്ള ഉപഹാരം എക്സിക്യൂട്ടീവ് ഡയറക്ടർ ഷബീർ അലിക്ക് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നൽകി.മെഡിക്കൽ ഡയറക്ടർ ഡോ സൽമാൻ അലി ഹസ്സൻ,ഓപ്പറേഷൻസ് മേധാവി ഡോ ഷംനാദ് മജീദ്,ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ സുൽഫിക്കർ കബീർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സന മൂസ എന്നിവർ സന്നിഹിതരായ ക്യാമ്പിൽ ഫസൽ ബഹ്റൈൻ,നൂർ മുഹമ്മദ് ,കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൂഖ്,സൈനൂദ്ധീൻ,സിദ്ദിഖ് ,അൻസാരി ,നൗഷാദ് ,മഷൂദ് ഫുആദ് ,റഫ്സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. റയീസ് എം ഇ സ്വാഗതവും നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.







