
മനാമ : ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ വിവിധ ശാഖകൾ സന്ദർശനം നടത്തി.അടുത്ത സമയത്തുണ്ടായ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അടിസ്ഥാന വസ്തുക്കളും സേവനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്നതിനുമായിരുന്നു സന്ദർശനം നടത്തിയത്.ഉൽപ്പന്നങ്ങളുടെ ലഭ്യത വിലയിരുത്തുകയും, വിപണിയിലെ സ്ഥിരത സംരക്ഷിക്കുന്നതും ഇറക്കുമതിയും വിതരണവും തടസ്സമില്ലാതെ തുടരുന്നതും ദേശീയ മുൻഗണനയായിത്തന്നെ നിലനിൽക്കുന്നുവെന്ന് അദ്ദേഹം സന്ദർശനത്തിനിടെ വ്യക്തമാക്കി.
അവശ്യ വസ്തുക്കളും സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാകുന്നത് പൗരന്മാരിലും താമസക്കാരിലും ആത്മവിശ്വാസം വർദ്ധി പ്പിക്കുന്നതിന് സഹായകരമാണെന്നും കിരീടാവകാശി പറഞ്ഞു. സർക്കാർ വകുപ്പുകളും സ്വകാര്യ മേഖലയും ചേർന്നുള്ള ഏകോപനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഈ സഹകരണം നിർണായകമാണെന്നും വ്യക്തമാക്കി.ദേശീയ സമ്പദ്വ്യവസ്ഥ-ധനകാര്യ മന്ത്രി,ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ,വ്യവസായ-വാണിജ്യ മന്ത്രി,അബ്ദുല്ല ബിൻ ആദേൽ ഫക്രു എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.








