കൃത്രിമ ബുദ്ധി രംഗത്ത് സഹകരണം ശക്തമാക്കി ബഹ്റൈനും അമേരിക്കയും; സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു

മനാമ: കൃത്രിമ ബുദ്ധി (AI), അത്യാധുനിക സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബഹ്റൈനും അമേരിക്കയും ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓപ്പർച്യൂണിറ്റീസ് പാർട്ണർഷിപ്പ്’ എന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അമേരിക്ക സന്ദർശിക്കുന്നതിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്.അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫയും യു.എസ്. പ്രതിരോധ വകുപ്പിലെ പോളിസി വിഭാഗം അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.നവീകരണം, സംരംഭകത്വം, സാങ്കേതിക സഹകരണം എന്നിവ പ്രോത്സാഹിപ്പിച്ച് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയും സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിൽ വിശ്വസനീയമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും കരാർ എടുത്തുകാണിക്കുന്നു.ഊർജം, നിർണായക ധാതുക്കൾ, സെമികണ്ടക്ടറുകൾ, അത്യാധുനിക കമ്പ്യൂട്ടിങ് സംവിധാനങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള AI അടിസ്ഥാന സൗകര്യ വികസനത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും.നവീകരണ നയങ്ങൾ, AI വിതരണ ശൃംഖലകൾ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, വളർന്നുവരുന്ന സാങ്കേതിക മേഖലകളിലെ സ്വകാര്യ നിക്ഷേപം എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂടും കരാർ ഒരുക്കുന്നു. അതോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററുകൾ, വിശ്വസനീയമായ AI മോഡലുകൾ, സെമികണ്ടക്ടർ സംവിധാനങ്ങൾ, നൂതന AI ആപ്ലിക്കേഷനുകൾ എന്നിവയുടെ വികസനത്തിലും സഹകരണം വിപുലീകരിക്കും.
ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധത്തിന്റെ തുടർച്ചയായ ഈ പുതിയ പങ്കാളിത്തം, അത്യാധുനിക സാങ്കേതികവിദ്യകളിലെ സഹകരണം വിപുലീകരിക്കുന്നതിനൊപ്പം സുസ്ഥിര സാമ്പത്തിക വികസനം, മത്സരശേഷി, പുതിയ നിക്ഷേപ-വളർച്ചാ അവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് അധികൃതർ വ്യക്തമാക്കി.