
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് (ICRF) ബഹ്റൈന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പദ്ധതിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’-ന്റെ രണ്ടാംവാര പരിപാടി ജൂൺ 27 ശനിയാഴ്ച ഗലാലിയിലെ മുഹമ്മദ് ജലാൽ കോൺട്രാക്ടിംഗ് കമ്പനിയുടെ വർക്ക്സൈറ്റിൽ സംഘടിപ്പിച്ചു.ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് കുടിവെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം തൊഴിൽ മന്ത്രാലയം, എൽഎംആർഎ (LMRA), ഐഒഎം (IOM) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 200 തൊഴിലാളികൾ പങ്കെടുത്തു.ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, അഡ്വൈസർ അരുള്‍ദാസ് തോമസ്, തേർസ്റ്റ് ക്വെഞ്ചേഴ്സ് കോ-ഓർഡിനേറ്റർ ചെമ്പൻ ജലാൽ, മറ്റ് ഐസിആർഎഫ് ഭാരവാഹികൾ, മുഹമ്മദ് ജലാൽ കോൺട്രാക്ടിംഗ് കമ്പനിയുടെ എച്ച്.എസ്.ഇ ഓഫീസർ രാജേഷ് സദാനന്ദ് എന്നിവരും നിരവധി വിദ്യാർത്ഥി സന്നദ്ധപ്രവർത്തകരും വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മുൻ വർഷങ്ങളിലെന്നപോലെ ബോഹ്റാ സമൂഹവും നിരവധി സന്നദ്ധപ്രവർത്തകരും പദ്ധതിക്ക് ശക്തമായ പിന്തുണയും സഹകരണവും നൽകി. വേനൽച്ചൂടിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമാകുന്ന ഈ പദ്ധതി തുടർന്നുള്ള ആഴ്ചകളിലും ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു.







