
മനാമ : മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് തന്നെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പുലർച്ചെ പോലീസ് ഇരച്ച് കയറുകയും, കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പിടിച്ചുവെക്കുകയും ചെയ്ത സംഭവം ഗുരുതരമായ തെറ്റും സര്‍ക്കാറിന് നേരെ അതി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതുമായ സംഭവമാണ് .റിപ്പോർട്ടർ ടി.വി. ഓഫീസിൽ നടന്ന പോലീസ് അത്രിക്രമ പരിശോധയിൽ മാധ്യമപ്രവർത്തകരുടെ പ്രവർത്തനം തടസ്സപ്പെട്ടതായി കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിക്കുകയും സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ആരുടെയെങ്കിലും വികലമായ നിര്‍ദേശമോ ,ആസൂത്രണമോ ഇല്ലാതെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള പോലീസ് സ്വമേധയാ ഇങ്ങിനെ ഒരു ഉദ്ദ്യമത്തിന് മുതിരുമെന്ന് ആരും കരുതുന്നില്ല.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരളം ഭരിക്കുന്നത്.
എന്നാല്‍ ഇന്ന് കേരളത്തിൽ മാധ്യമസ്ഥാപനത്തിലേക്ക് പോലീസ് നടപടി എത്തുമ്പോൾ അവര്‍ അതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്രത്തിൽ ഇവര്‍ തന്നെ വിമർശിച്ച അതേ രീതിയിലുള്ള ഫാസിസ്റ്റ് സമീപനം കേരളത്തിലും ആവർത്തിക്കപ്പെടുന്നില്ലേയെന്ന ചോദ്യം സ്വാഭാവികമായും ഉയർന്ന് കഴിഞ്ഞു.വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുമ്പോൾ മാധ്യമപ്രവര്‍ത്തകര്‍ തന്‍റെ തോഴനാണെന്ന് പറയുകയും ഇന്ന് അധികാരത്തിൽ എത്തിയ ശേഷം തന്നെ വിമര്‍ശിക്കുന്നവരോടും ചോദ്യങ്ങള്‍ ചോദിക്കുന്നവരോടും ശത്രുതയുടെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടതാപ്പാണ് റിപ്പോർട്ടർ ടി.വി.ക്കെതിരെ നടന്ന പോലീസ് നടപടി അത് പ്രസിദ്ധീകരിച്ച വാർത്തകളോടുള്ള പ്രതികാരമാണെന്നാണോ എന്ന് ഭരണാധികാരികള്‍ വ്യക്തമാക്കേണ്ടതുണ്ട്.എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചില പ്രതികൾക്കുള്ള ബന്ധത്തെ ക്കുറിച്ചുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മാധ്യമസ്ഥാപനത്തിനെതിരായ ഈ നടപടി എന്നതിനാൽ, സംഭവത്തിന്റെ സമയക്രമവും സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണ്.
കേസില്‍ അറസ്റ്റിലായ രണ്ട് പേരെ തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
അതുകൊണ്ട് തന്നെ ചോദ്യം ഒന്നേയുള്ളൂ:
വിമർശനങ്ങൾ ഉയരുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ജനാധിപത്യ സമീപനമാണോ, അതോ അധികാരത്തെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുമ്പോൾ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങൾക്ക് സമ്മർദ്ദം സൃഷ്ടിക്കുന്ന രീതിയാണോ? ഏതാണ് യു.ഡി.എഫ് സര്‍ക്കാരിന്‍റെ നയമെന്ന് നേതാക്കള്‍ വ്യക്തമാക്കണ്ടതുണ്ട്. മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ ജനകീയ സര്‍ക്കാരിനോ ചേര്‍ന്നതല്ല.അധികാരത്തിലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം. അധികാരം മാറുമ്പോൾ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ മാറുന്നില്ല എന്ന കാര്യം ഭരണകര്‍ത്താക്കള്‍ വിസ്മരിക്കരുത് .മാധ്യമസ്വാതന്ത്ര്യം ഒരു സർക്കാരിനോ ഒരു പാർട്ടിക്കോ മാത്രം ബാധകമായ അവകാശമല്ല.
അത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്.
ജനാധിപത്യ ത്തിന്‍റെ നാലാം തൂണായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കിരാതമായ കടന്നു കയറ്റത്തില്‍ ബഹ്റൈന്‍ ഇടത് പക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം അറിയിച്ചു .







