ബഹ്റൈൻ മന്ത്രിസഭാ യോഗം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് പിന്തുണ

മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഖുദൈബിയ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ബഹ്റൈന്റെ നിലപാട് വ്യക്തമാക്കി. 1982ലെ യുഎൻ കടൽനിയമ കൺവെൻഷന്റെ അടിസ്ഥാനത്തിലായിരിക്കണം കടലിടുക്കിലെ ഗതാഗതവുമായി ബന്ധപ്പെട്ട ഏത് സംവിധാനവും നടപ്പാക്കേണ്ടതെന്ന് മന്ത്രിസഭ വ്യക്തമാക്കി.

എല്ലാ കപ്പലുകൾക്കും വിവേചനമില്ലാതെ, അധിക ഫീസോ പ്രത്യേക അനുമതിയോ ഇല്ലാതെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. കടലിടുക്കിന്റെ സുരക്ഷ ഗൾഫ് രാജ്യങ്ങളുടെ വിതരണ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ എല്ലാ ജിസിസി രാജ്യങ്ങളും ഇതിൽ പങ്കാളികളാകണമെന്നും വ്യക്തമാക്കി.

സൗദിയിലെ റിയാദ്, മദീന മേഖലകളിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെയും മന്ത്രിസഭ അപലപിച്ചു. ഇറാഖ് ഭാഗത്തുനിന്ന് വിക്ഷേപിച്ച ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണ് ആക്രമണമെന്നും നിർണായക സിവിലിയൻ സംവിധാനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഊർജ വിതരണ സുരക്ഷയെ ബാധിക്കുമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

സൗദിയിലെ സിവിലിയൻ, സാമ്പത്തിക, നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തിയ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. ചെങ്കടലിലും ബാബൽ മന്ദബ് മേഖലയിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഉയർത്തുന്ന ഭീഷണിയും അപകടകരമായ സാഹചര്യമാണെന്നും മന്ത്രിസഭ വ്യക്തമാക്കി.

യോഗത്തിൽ അന്താരാഷ്ട്ര ടൂറിസം നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നതിനുള്ള യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായുള്ള കരാർ ഉൾപ്പെടെ വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വീഡിയോ കോൺഫറൻസിങ് വഴി ടെലിമെഡിസിൻ സേവനങ്ങൾ വികസിപ്പിക്കുന്നതിനും അനുമതി നൽകി.

2026ലെ വേനൽക്കാല ഉച്ചവിശ്രമ തൊഴിൽ നിരോധനം സംബന്ധിച്ച നടപടികളും മന്ത്രിസഭ വിലയിരുത്തി. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നടത്തിയ 30,000ത്തിലധികം പരിശോധനകളിൽ 99.98 ശതമാനം നിയമപാലനം രേഖപ്പെടുത്തിയതായി യോഗം അറിയിച്ചു. നിയമം പാലിച്ച കമ്പനികളെ മന്ത്രിസഭ അഭിനന്ദിച്ചു.

യുനെസ്കോ-കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുരസ്കാര ജേതാക്കളെയും മന്ത്രിസഭ അഭിനന്ദിച്ചു. വിദ്യാഭ്യാസരംഗത്തെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിനുള്ള 2026ലെ പുരസ്കാരത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരവും യോഗം വിലയിരുത്തി.