സെന്റ് മേരീസ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാളിനും വാർഷിക കൺവെൻഷനും തുടക്കമായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. തോമസ്കുട്ടി പി. എൻ., സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. ഡോ. തോംസൺ റോബി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കൊടിയേറ്റി.ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടെയാണ് പെരുന്നാൾ നടക്കുന്നത്.പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.വാർഷിക കൺവെൻഷന്റെ ഭാഗമായി ഒക്ടോബർ 4, 5, 6 തീയതികളിൽ ഫാ. ഡോ. തോംസൺ റോബി വചനശുശ്രൂഷ നടത്തും. ഒക്ടോബർ 8ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് പ്രദക്ഷിണം, മധ്യസ്ഥ പ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ് എന്നിവ നടക്കും. ഒക്ടോബർ 9ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, കൊടിയിറക്ക്, നേർച്ച എന്നിവയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ എല്ലാവർക്കും അനുഗ്രഹത്തിന്റെ അവസരമായി മാറട്ടെയെന്ന പ്രാർത്ഥനയോടെയാണ് ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതെന്ന് ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു.