
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങും ചൂഷണങ്ങളും വർധിക്കുന്നതായി റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ്.
മസ്കത്ത്: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് തട്ടിപ്പുകളും ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങും വർധിക്കുന്ന സാഹചര്യത്തിലാണ് ആർ.ഒ.പിയുടെ മുന്നറിയിപ്പ്. ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെ ആദ്യം കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് കുറ്റവാളികളുടെ രീതി. തുടർന്ന് സ്വകാര്യ ചിത്രങ്ങൾ, കുടുംബാംഗങ്ങളുടെ വീഡിയോകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ ആവശ്യപ്പെടും.സൗജന്യ ഗെയിമിങ് കറൻസികളും അപൂർവ ഗെയിം ഇനങ്ങളും വാഗ്ദാനം ചെയ്ത് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത ഡാറ്റയും കൈക്കലാക്കുന്ന സംഘങ്ങളും സജീവമാണെന്ന് ആർ.ഒ.പി അറിയിച്ചു.കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. ഗെയിമിങ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ രഹസ്യസ്വഭാവം കാണിക്കുക, പണം മറച്ചുവയ്ക്കുകയോ അപഹരിക്കുകയോ ചെയ്യുക, ഓൺലൈൻ ആശയവിനിമയത്തിന് ശേഷം ഭയപ്പെടുക തുടങ്ങിയവ പ്രധാന മുന്നറിയിപ്പ് സൂചനകളാണെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടി ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങിന് ഇരയായതായി ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കൾ ശാന്തമായി പ്രതികരിക്കണം. കുട്ടിയെ കുറ്റപ്പെടുത്താതെ പിന്തുണ നൽകുകയും, ലഭിച്ച സന്ദേശങ്ങളുടെയും അക്കൗണ്ട് വിവരങ്ങളുടെയും സ്ക്രീൻഷോട്ടുകൾ സൂക്ഷിക്കുകയും വേണം.തുടർന്ന് അധികൃതരെ വിവരം അറിയിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. പരാതികൾ പൂർണമായും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും റോയൽ ഒമാൻ പോലീസ് ഉറപ്പുനൽകി.







