
ക്വാലാലംപൂർ: ബഹ്‌റൈനും മലേഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ ശക്തമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണവും ഏകോപനവും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.മലേഷ്യൻ ജോഹോർ കിരീടാവകാശി ടുങ്കു ഇസ്മായിൽ ബിൻ സുൽത്താൻ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിൻസ് സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്. 2026ലെ 22-ാമത് ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ സന്ദർശനത്തിന്റെ ഭാഗമായി മലേഷ്യയിലെത്തിയതായിരുന്നു അദ്ദേഹം.ഫോർമുല വൺ ഗ്രാൻഡ് പ്രീ വിജയകരമായി സംഘടിപ്പിക്കുന്നതിന് മലേഷ്യ നൽകിയ സൗകര്യങ്ങൾക്കും സഹകരണത്തിനും പ്രിൻസ് സൽമാൻ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുത്ത സഹകരണവും ഈ പരിപാടി വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.നിലവിലുള്ള നേട്ടങ്ങൾ അടിസ്ഥാനമാക്കി ബഹ്‌റൈൻ–മലേഷ്യ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമായ തലങ്ങളിലേക്ക് ഉയർത്താനുള്ള പരസ്പര താൽപര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ പുതിയ പുരോഗതി സംബന്ധിച്ചും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രിൻസ് സൽമാന്റെ താൽപര്യത്തെ ജോഹോർ കിരീടാവകാശി ടുങ്കു ഇസ്മായിൽ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളുടെയും പൊതുവായ അഭിലാഷങ്ങളും വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതിനായി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിവരിച്ചു.








