
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ 10 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. വിവിധ രാജ്യക്കാരാണ് പിടിയിലായത്.
ആറ് വ്യത്യസ്ത കേസുകളിലായി നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം വിവിധതരം ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.16 ബഹ്റൈനി ദശലക്ഷം ദിനാർ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹരിവ്യാപനത്തിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹകരണം പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം. വിവരദാതാക്കളുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.








