ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2026 ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി, ബി.കെ.എസ്. വനിതാ വേദി അവതരിപ്പിച്ച ‘പാർവതി പരിണയം’ നൃത്തനാടകത്തിൽ ഡോ. റിങ്കു ജോസും ഡോ. അനിത കുമാരിയും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടപ്പോൾ, അത് മെഗാ തിരുവാതിരയ്ക്കുള്ള ഒരു അലങ്കാരമായ ആമുഖമായി മാറി. അജിത് നായരുടെ രചനയിലും സംവിധാനത്തിലും, ഗുരു ശ്രീനേഷ് ശ്രീനിവാസന്റെ നൃത്തസംവിധാനത്തിലും ഒരുങ്ങി എത്തിയ ഈ ദൃശ്യവിരുന്ന് ആഘോഷങ്ങളുടെ മാറ്റുകൂട്ടി.പുരാണങ്ങളിലെ ആഴമേറിയ കഥകളും ഈണവും താളവും ഒക്കെ ഒന്നുചേർന്ന് സമാജത്തിന്റെ വേദിയിലേക്ക് മറ്റൊരു ഭംഗിയുമായി ‘പാർവതി പരിണയം’ എത്തുമ്പോൾ, അത് വെറുമൊരു നൃത്തനാടകം മാത്രമല്ല; മറിച്ച് നമ്മുടെ പാരമ്പര്യത്തിന്റെ നേർക്കാഴ്ച കൂടിയാണ്. പാട്ടിന്റെയും അഭിനയത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ കഥ പറയുന്ന ഇത്തരം മ്യൂസിക്കൽ ഡാൻസ് ഡ്രാമകളുടെ വേരുകൾ നമ്മുടെ നാടൻ കലാരൂപങ്ങളിലേക്കും കൂടിയാണ് വെളിച്ചം വീശുന്നത്.കാലഘട്ടങ്ങളായി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ തിരുവാതിരയും ഇത്തരം നൃത്തനാടകങ്ങളും തമ്മിൽ വലിയൊരു ബന്ധമുണ്ട്. വെറുമൊരു വട്ടക്കളി എന്നതിലുപരി, ഭക്തിയും ലാവണ്യവും സമന്വയിപ്പിച്ച് താളത്തിനൊപ്പിച്ച് ചുവടുവെക്കുന്ന ഒരു കൂട്ടായ്മയാണ് തിരുവാതിര. പരമശിവന്റെയും പാർവതിയുടെയും കഥകളും പൗരാണിക ഈണങ്ങളും കോർത്തിണക്കി നൃത്തച്ചുവടുകളാക്കി മാറ്റുമ്പോൾ, അത് കാണുന്നവരുടെയുള്ളിൽ ഒരേസമയം ഭക്തിയും ഒപ്പം മലയാളിയുടെ തനതായ പാരമ്പര്യവും നിറയ്ക്കും.അജിത് നായരുടെ ലളിതവും ശക്തവുമായ രചനയും സംവിധാനവും, ഗുരു ശ്രീനേഷ് ശ്രീനിവാസന്റെ കൈയടക്കമുള്ള നൃത്തസംവിധാനവും ചേരുമ്പോൾ ഈ ആട്ടം കാഴ്ചക്കാർക്ക് വേറിട്ടൊരു അനുഭവമായി മാറുന്നു. ബി.കെ.എസ്. വനിതാ വേദിയുടെ ഊർജ്ജവും ഒത്തൊരുമയും കൂടി ചേരുന്നതോടെ ഈ വേദി അവിസ്മരണീയമായിത്തീരുന്നു. കാലം എത്ര കഴിഞ്ഞാലും നമ്മുടെ കലകളെയും തനിമയെയും കൈവിടാതെ, സമാജത്തിന്റെ ഈ വേദിയിൽ ആ മനോഹരമായ ചരിത്രവും ഈണവും ഒരിക്കൽ കൂടി ജീവസ്സുറ്റതാവുകയാണ്.