
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ILA) 70-ാം വാർഷിക പ്ലാറ്റിനം ജൂബിലി ആഘോഷം ഡിസംബർ 10ന് ബഹ്റൈനിൽ നടക്കും. ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ പത്നിയും ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സണും സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ചാരിറ്റി, സാംസ്കാരിക വിനിമയം, സാമൂഹിക പിന്തുണ എന്നീ മേഖലകളിൽ 70 വർഷമായി ILA നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ആഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. ഇന്ത്യൻ വനിതകൾക്ക് അംഗത്വം പരിമിതപ്പെടുത്തിയിട്ടുള്ള സംഘടനയാണെങ്കിലും ബഹ്റൈനിലെ വിവിധ രാജ്യക്കാരായ സ്ത്രീകൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിൽ ILA നിർണായക പങ്കുവഹിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ആദ്യമായി ILA CSR എക്സലൻസ് അവാർഡ് 2026 പുരസ്കാരങ്ങളും നൽകും. ‘Service Before Self’ എന്ന സംഘടനയുടെ മുദ്രാവാക്യത്തിന്റെ ഭാഗമായി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളെ അംഗീകരിക്കുകയാണ് പുരസ്കാരങ്ങളുടെ ലക്ഷ്യം.
വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി സംരംഭം, CSR കമ്പനി ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലാണ് കോർപ്പറേറ്റ് പുരസ്കാരങ്ങൾ. Woman of Impact – Lifetime Achievement Award എന്ന വിഭാഗത്തിൽ പത്ത് വർഷമോ അതിലധികമോ കാലമായി സാമൂഹിക സേവന രംഗത്ത് സജീവമായ വ്യക്തിയെയും ആദരിക്കും.
ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത C.R ഉള്ള കമ്പനികൾക്കും രാജ്യത്ത് താമസിക്കുന്ന എല്ലാ രാജ്യക്കാരായ വ്യക്തികൾക്കും പുരസ്കാരത്തിനായി അപേക്ഷിക്കാം. ബഹ്റൈനിലും പ്രാദേശിക സമൂഹത്തിനും നേരിട്ട് പ്രയോജനപ്പെടുന്നതും അളക്കാൻ കഴിയുന്നതുമായ CSR പ്രവർത്തനങ്ങൾക്കാണ് പരിഗണന. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. ആദ്യഘട്ട വിലയിരുത്തൽ KPMG-Fakhro നടത്തും. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകളെ പ്രമുഖ ബഹ്റൈനി, പ്രവാസി നേതാക്കൾ ഉൾപ്പെടുന്ന ജൂറി അഭിമുഖം ചെയ്ത് വിജയികളെ തിരഞ്ഞെടുക്കും.പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പുരസ്കാരങ്ങൾ ഷെയ്ഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫ വിതരണം ചെയ്യും. സാംസ്കാരിക പരിപാടികൾക്കും ലൈവ് ഫ്യൂഷൻ സംഗീതത്തിനും പുറമെ ILAയുടെ 70 വർഷത്തെ ചരിത്രവും ബഹ്റൈനിലെ വനിതാ സംഘടനകളുടെ സംഭാവനകളും ഉൾക്കൊള്ളുന്ന പ്ലാറ്റിനം ജൂബിലി സ്മരണികയും പുറത്തിറക്കും.
പരിപാടിയിൽ നിന്നുള്ള മുഴുവൻ ലാഭവും ബഹ്റൈനിലെ ILAയുടെ പ്രാദേശിക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. കോർപ്പറേറ്റ് പാക്കേജുകളുടെയും ടിക്കറ്റുകളുടെയും ബുക്കിങ് നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും.
ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും; വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക്
ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോർപ്പറേറ്റ് പാക്കേജുകളും ടിക്കറ്റുകളും ലഭ്യമാകും. ബുക്കിങ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. പരിപാടിയിൽനിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും ബഹ്റൈനിലെ ILAയുടെ പ്രാദേശിക ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ILA ഹോണററി സെക്രട്ടറി – പി.ആർ. ടെസ്സി ചെറിയാനുമായി 3683 3254 എന്ന നമ്പറിൽ ബന്ധപ്പെടാം.







