
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണവും പ്രഭാഷണവും വെള്ളിയാഴ്ച വൈകീട്ട് ആറിന് വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടക്കും. രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് എം.പി. ഇത്തവണത്തെ അനുസ്മരണ പ്രഭാഷണം നടത്തും.സമകാലിക കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രസക്തിയും ഭാവിയിൽ അവ എങ്ങനെ വിലയിരുത്തപ്പെടുമെന്നതുമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.കഴിഞ്ഞ 25 വർഷമായി കേരള വിഭാഗം സംഘടിപ്പിച്ചുവരുന്ന ഗുരു അനുസ്മരണ പ്രഭാഷണ പരമ്പരയിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, കോടിയേരി ബാലകൃഷ്ണൻ, രാജൻ ഗുരുക്കൾ, എം.ആർ. രാഘവവാര്യർ, സന്ദീപാനന്ദഗിരി, പ്രഫ. കാർത്തികേയൻ നായർ, സുനിൽ പി. ഇളയിടം, ഷൗക്കത്ത് തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തിയിട്ടുണ്ട്.കേരള നവോത്ഥാനത്തിലെ പ്രമുഖനായ ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളെ പ്രവാസി സമൂഹത്തിൽ ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗുരുദർശനങ്ങൾക്കും ഉദ്ബോധനങ്ങൾക്കും ഏറെ പ്രസക്തിയുള്ള സാമൂഹിക സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.മസ്കറ്റിലെ പൊതുസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.വാർത്താസമ്മേളനത്തിൽ കേരളവിങ് കൺവീനർ അജയൻ പൊയ്യാറ, സംഘാടക സമിതി ചെയർമാൻ അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളവിങ് ട്രഷറർ സുനിത്ത് തെക്കടവൻ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ, സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു, കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് എന്നിവർ പങ്കെടുത്തു.







