ബഹ്‌റൈൻ കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 26-ാം വർഷത്തിലേക്ക്

ബഹ്റൈൻ: കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ, സാംസ്കാരിക മാമാങ്കമായ “കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ” 26-ാം വർഷത്തിലേക്ക്. 2026 ഒക്ടോബർ 20 മുതൽ ഡിസംബർ ആദ്യവാരം വരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് പങ്കെടുക്കാം. 2008 ഒക്ടോബർ 1 മുതൽ 2021 സെപ്റ്റംബർ 30 വരെ ജനിച്ചവരെ അഞ്ച് പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. നൃത്തം, സംഗീതം, കല, സാഹിത്യം, ആഡ്-ഓൺ, ടീം ഇനങ്ങൾ ഉൾപ്പെടെ 180-ലധികം വ്യക്തിഗത മത്സരങ്ങളും നിരവധി ടീം മത്സരങ്ങളും ഉണ്ടായിരിക്കും.

വ്യക്തിഗത ഇനങ്ങളിൽ പരമാവധി 12 മത്സരങ്ങളിൽ പങ്കെടുക്കാം. ടീം ഇനങ്ങൾക്ക് പരിധിയില്ല. ഓൺലൈനായി മാത്രമാണ് രജിസ്ട്രേഷൻ. സെപ്റ്റംബർ 17ന് ആരംഭിച്ച രജിസ്ട്രേഷൻ ഒക്ടോബർ 8ന് അവസാനിക്കും.

കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, കെസിഎ സ്പെഷ്യൽ അവാർഡുകൾ, നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന പുരസ്കാരങ്ങൾ ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ട്രോഫികളും സമ്മാനിക്കും. സ്കൂളുകൾക്കും മികച്ച നൃത്ത, സംഗീത അധ്യാപകർക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്.

ലിയോ ജോസഫ് ചെയർമാനായും സിമി ലിയോ ചീഫ് കോർഡിനേറ്ററായും വിപുലമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39207951, 36268208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.