മന്ത്രിമാരുടെ വിദേശ സന്ദർശന വിവാദം: സിപിഎം വിമർശനത്തിനെതിരെ ഐഒസി ബഹ്‌റൈൻ കേരള ഘടകം

മനാമ : കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ കേരള ഘടകം പ്രതിഷേധിച്ചു.

നിലവിലെ മന്ത്രിമാരും നേതാക്കളും പ്രവാസി സംഘടനകളുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന സന്ദർശനങ്ങൾ, പ്രവാസി മലയാളികളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനുമുള്ളതാണെന്ന് ഐഒസി കേരള ഘടകം ഭാരവാഹികൾ പറഞ്ഞു.

ഗൾഫ് മലയാളികൾ വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ഓണാഘോഷങ്ങൾ പോലുള്ള കൂട്ടായ്മകൾ പ്രവാസികൾക്ക് സന്തോഷവും ഐക്യവും നൽകുന്നതാണെന്നും ഇത്തരം പരിപാടികളിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നതിനെ രാഷ്ട്രീയമായി വിമർശിക്കുന്നത് ഒഴിവാക്കണമെന്നും ഐഒസി ബഹ്‌റൈൻ കേരള ഘടകം പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനങ്ങളെ സിപിഎം മുന്നണി ഇപ്പോൾ വിമർശിക്കുന്ന സാഹചര്യത്തിൽ, മുൻ എൽഡിഎഫ് ഭരണകാലത്ത് നടന്ന വിദേശ സന്ദർശനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ഐഒസി ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു.